വിവാദങ്ങളെ തുടര്‍ന്ന് അടച്ചിട്ട കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഡയറക്ടറുടെ രാജി ആവശ്യപ്പെട്ട് 50 ദിവസത്തിലധികം വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്ന സമരം ഇന്നലെ പിന്‍വലിച്ചിരുന്നു.
ഡയറക്ടര്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാര്‍ഥികളുടെ മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്. നഷ്ടമായ ദിവസത്തെ ക്ലാസുകളടക്കം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികളും ഉടന്‍ ഉണ്ടായേക്കും. എന്നാല്‍ ക്യാമ്പസിലെ അധ്യാപകര്‍ കൂട്ടത്തോടെ രാജിവച്ചതുകൊണ്ട് ക്ലാസുകള്‍ നടക്കുന്ന കാര്യം ആശങ്കയിലാണ്.
സ്ക്രീനിംഗ് അടക്കം വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒരു വിഭാഗം അധ്യാപകര്‍ രാജിവെച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. പുതിയ ഡയറക്ടറെ നിയമിക്കുന്നതോടൊപ്പം രാജിവച്ചവര്‍ക്ക് പകരമുള്ള പുതിയ അധ്യാപകരും എത്തുമെന്നാണ് വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നത്.


