കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്ട് പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് മൃതദേഹം ചുമന്ന് ഇറക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ മരിച്ചയാളുടെ കുടുംബം രംഗത്ത് വന്നു. കാലടി ശ്രീമൂലനഗരം സ്വദേശി 48കാരനായ സുകുമാരന്റെ മൃതദേഹമാണ് ചുമന്ന് താഴെയിറക്കേണ്ടി വന്നത്. പൊള്ളലേറ്റാണ് ഇദ്ദേഹം മരിച്ചത്. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ വലയുകയാണ്. ലിഫ്റ്റിന്റെ തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ പറയുന്നു.
തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ നോക്കിയ സുകുമാരനെ 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലാണ് കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. ഈ സമയത്തും ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിരുന്നു. അത്യാഹിതവിഭാഗത്തിലേക്ക് മാറ്റേണ്ട രോഗികള്‍ ഉള്‍പ്പെടെയാണ് ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായതോടെ വലയുന്നത്. സുകുമാരന്റെ ഒപ്പം ആശുപത്രിയില്‍ എത്തിയവരും ജീവനക്കാരും ചേര്‍ന്നാണ് മൃതദേഹം താഴേക്കിറക്കിയത്.
അത്യാഹിത വിഭാഗത്തില്‍ നിന്നും പൊള്ളലേറ്റവരെ പ്രവേശിപ്പിക്കുന്ന മൂന്നാമത്തെ നിലയിലേക്കും ഏറെ പ്രയാസപ്പെട്ടാണ് 80 ശതമാനത്തിലേറെ പൊള്ളലേറ്റ സുകുമാരനെ എത്തിച്ചത്. ചൊവ്വാഴ്ചയാണ് സുകുമാരന്‍ മരണപ്പെട്ടത്.
എന്നാല്‍ ലിഫ്റ്റ് കേടായത് കൊണ്ടല്ല ബുദ്ധിമുട്ട് ഉണ്ടായതെന്ന് മെഡിക്കല്‍ കോളേജ് വിശദീകരിക്കുന്നു. മെഡിക്കല്‍ കോളേജില്‍ പുതിയ ലിഫ്റ്റ് നിര്‍മാണം പുരോഗമിക്കുകയാണ്. ഇത് ഉടന്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധിക്കും.
ലിഫ്റ്റ് ലഭ്യമല്ലാത്തത് കാരണം ആശുപത്രിയിലെ രണ്ട് ജീവനക്കാരും സുകുമാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാരും ചേര്‍ന്നാണ് മുകളിലേക്ക് ചുമന്നുകൊണ്ടു പോയത്. സമാനമായ നിലയിലാണ് ഇദ്ദേഹം മരിച്ച ശേഷം മൃതദേഹം താഴെയിറക്കിയതും.