പുതുക്കാട് ദേശീയപാതയില്‍ പിതാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിനി ലോറി ഇടിച്ച് മരിച്ചു. സ്കൂട്ടറില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ആമ്പല്ലൂര്‍ വടക്കുമുറി പുത്തന്‍പറമ്പില്‍ സുനിലിന്റെ മകള്‍ 14 വയസുള്ള ശിവാനിയാണ് മരിച്ചത്. റോഡില്‍ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവാനിയുടെ ജീവന് രക്ഷിക്കാനായില്ല.
പരിക്കേറ്റ സുനില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടം നടന്നത്. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ശിവാനി. സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി അങ്കമാലിയില്‍ നിന്ന് പൊലീസ് പിടികൂടി.
ഒല്ലൂരില്‍ സ്വകാര്യ ബസില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കനും അല്പസമയം മുമ്പ് മരിച്ചു. അമ്മാടം പൂത്തറയ്ക്കല്‍ കരുതുക്കുളങ്ങര പെല്ലിശ്ശേരി ജോയ് (59) ആണ് മരിച്ചത്. വാതില്‍ അടയ്ക്കാതെ മുന്നോട്ടെടുത്ത സ്വകാര്യ ബസ്സില്‍ നിന്നാണ് ജോയ് വീണത്. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവമുണ്ടായത്.


