ബീജിങ്: ചൈനയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിദിനം 10 ലക്ഷത്തോളം കോവിഡ് കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അയ്യായിരത്തോളം മരണങ്ങളും കോവിഡ് ബാധ മൂലം പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
1.4 ബില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കും. നിലവിലെ ഈ തരംഗം തുടര്‍ന്നാല്‍ ജനുവരിയില്‍ പ്രതിദിന കേസുകളുടെ നിരക്ക് 3.7 ദശലക്ഷമായി ഉയര്‍ന്നേക്കാമെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള എയര്‍ഫിനിറ്റി ലിമിറ്റഡ് വ്യക്തമാക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പുതിയ തരംഗം ഉണ്ടാകാനും അത് മാര്‍ച്ചില്‍ പ്രതിദിന നിരക്ക് 4.2 ദശലക്ഷമായി ഉയര്‍ത്താനും സാധ്യതയുണ്ട്.
ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ശ്മശാനങ്ങളില്‍ അവയുടെ ശേഷിയേക്കാള്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ദിവസവും എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈന മാസ്-ടെസ്റ്റിംഗ് ബൂത്തുകളുടെ ശൃംഖല അടയ്ക്കുകയും പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ ദൈനംദിന കണക്കില്‍ ഉള്പ്പെടുത്താതിരിക്കുന്നതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.


