മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പി.ടി തോമസിന്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര പാലാരിവട്ടത്തെ വസതിയിലെത്തി. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചിയിലെത്തും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ 5 മണിയോടെ മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിക്കും.
പി.ടിയുടെ മൃതദേഹം പാലാരിവട്ടത്തെ വസതിയിലേക്ക് എത്തിച്ച ശേഷം ഡിസിസി ഓഫിസിലേക്കാണ് എത്തിക്കുക. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, കെ വി തോമസ് തുടങ്ങിയ നേതാക്കള്‍ ഭൗതിക ശരീരം ഏറ്റുവാങ്ങാന്‍ ഡിസിസി ഓഫിസില്‍ എത്തിയിട്ടുണ്ട്.
പാലാരിവട്ടത്തെ വസതിയില്‍ പൊതുദര്‍ശനമില്ല. ബന്ധുക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മാത്രമാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം വീട്ടിലെത്തി കാണാന്‍ അനുമതിയുള്ളത്. 10 മിനിറ്റ് മാത്രമാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. ഡിസിസി ഓഫിസില്‍ നിന്ന് മൃതദേഹം ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അന്തിമോപചാരമര്‍പ്പിക്കാനെത്തും.
വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് മണിക്കൂറുകളായി പി.ടിയുടെ ഭൗതിക ശരീരം സാക്ഷ്യം വഹിച്ചത്. മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ പ്രിയപ്പെട്ട പി.ടിക്ക് തൊടുപുഴക്കാര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചത്. മുതിര്‍ന്ന നേതാവ് പിജെ ജോസഫ് അടക്കമുളള പ്രമുഖര്‍ തൊടുപുഴയില്‍ തങ്ങളുടെ പ്രിയ സുഹൃത്തിന് വിട നല്കി. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു.
നേരത്തെ വിലാപയാത്രയ്ക്കിടെ പി.ടിയെ അവസാനമായി ഒരു നോക്കുകാണാന്‍ റോഡുകളില്‍ ജനം തടിച്ചു കൂടിയിരുന്നു. മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ജനത്തിരക്ക് കാരണം പലയിടത്തും ആംബുലന്‍സ് കുടുങ്ങി.
വീട്ടില്‍ നിന്ന് എറണാകുളം ഡിസിസി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഒരു മണിവരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും.
1.30 മുതല്‍ പി.ടിയുടെ മണ്ഡലമായ തൃക്കാക്കരയിലെ കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനം. വോട്ടര്‍മാരും വിവിധ മേഖലകളിലെ പ്രമുഖരും ഉള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തും. വൈകിട്ട് 5.30നാണ് സംസ്കാര ചടങ്ങുകള്‍. രവിപുരം ശ്മശാനത്തില്‍ പി.ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയാകും ചടങ്ങുകള്‍.
ഇന്നലെ രാവിലെ 10.15നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് പി.ടി തോമസ് അന്തരിച്ചത്. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 71 വയസ്സായിരുന്നു.