മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന് വിടചൊല്ലി ജന്മനാട്. ഇടുക്കി ഉപ്പുതോട്ടിലെ പി.ടിയുടെ വസതിയില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ എത്തിയത്. കമ്പംമെട്ട് ചെക്ക്പോസ്റ്റില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. ഇടുക്കി, പാലാ രൂപതാ ബിഷപ്പുമാര്‍ പി.ടിക്ക് ആദരാജ്ഞലിയര്‍പ്പിച്ചു.
നൂറുകണക്കിന് പേരാണ് പി.ടിയെ അവസാനമായി ഒരു നോക്കുകാണാന്‍ റോഡുകളില്‍ തടിച്ചു കൂടുന്നത്. മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ജനത്തിരക്ക് കാരണം പലയിടത്തും ആംബുലന്‍സ് കുടുങ്ങി.
കൊച്ചിയിലെ വീട്ടിലെത്തിച്ച ശേഷം മൃതദേഹം എറണാകുളം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഒരു മണിവരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും. വൈകിട്ട് 5.30ന് രവിപുരം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
തന്റെ സംസ്കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു. ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പി.ടി വിടപറഞ്ഞത്. 70ാം വയസിലാണ് അന്ത്യം.
കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതാക്കളില്‍ വേറിട്ട ശക്തമായ ശബ്ദമായിരുന്നു പി.ടിയുടേത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്യുവിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പി. ടി തോമസ് സജീവ പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. പി.ടിയുടെ വിയോഗത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ അനുശോചനമറിയിച്ചു.