കേന്ദ്രത്തിന്റെ കത്ത് തള്ളി കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതിയല്ല, പിന്‍വലിക്കുകയാണ് വേണ്ടതെന്ന് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം മറുപടി അയച്ചുവെന്നും സംഘടനകള്‍ വ്യക്തമാക്കി.
പ്രശ്നം വലിച്ചുനീട്ടാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. പ്രക്ഷോഭത്തെ ലഘുവായിട്ടാണ് കേന്ദ്രം കാണുന്നത്. 23 കാര്‍ഷിക വിളകള്‍ക്കും താങ്ങുവിലയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന് കി ബാത്തില്‍ പ്രഖ്യാപിക്കണമെന്നും കര്‍ഷക സംഘടനാ പ്രതിനിധികള്‍ കത്തില്‍ വ്യക്തമാക്കി.
തങ്ങളുടെ നിലപാട് കൃത്യമാണ്, എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്തതയില്ലെന്ന് കര്‍ഷകസംഘടനകള്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷക സംഘടനകളെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. നിരന്തരം വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ ആരോപിക്കുന്നുവെന്നും കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കത്ത് കര്‍ഷക സംഘടനകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പ്രതിപക്ഷ പാര്‍ട്ടികളെ നേരിടുന്നത് പോലെയാണ് കേന്ദ്രം കര്‍ഷകരെയും നേരിടുന്നതെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
സര്‍ക്കാരിന്റെ സമീപനം പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകളെ നിര്‍ബന്ധിക്കുകയാണെന്നും വിനോദസഞ്ചാരത്തിനല്ല വന്നതെന്നും അവര്‍ പറഞ്ഞു. ഇതുവരെ നാല്പതിനടുത്ത് കര്‍ഷകര്‍ മരിച്ചു. കര്‍ഷകര്‍ മടുത്ത് തിരിച്ചു പോകുമെന്നാണ് സര്‍ക്കാരിന്റെ ചിന്തയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരുമായി തങ്ങള്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. തുറന്ന മനസോടെ , സദുദ്യേശത്തോടെ സര്‍ക്കാര്‍ സമീപിക്കണം. സര്‍ക്കാരിന്റെ നിലപാടിനായി കാത്തിരിക്കുമെന്നും അവര്‍ പറഞ്ഞു.


