പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ നിര്‍ണായക ഡി.എന്‍.എ പരിശോധനാ ഫലം പുറത്ത്. ആന്ധ്രായില്‍ നിന്നും കേരളത്തില്‍ എത്തിച്ച കുട്ടിയുടെ അമ്മ അനുപമയാണെന്ന് സ്ഥിരീകരിക്കുന്നതാണ് പരിശോധനാ ഫലം. അനുപമയുടെയും അജിത്തിന്റെയും സാമ്പിള്‍ കുഞ്ഞിന്റെ ഡി.എന്‍.എയുമായി യോജിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയാണ് സാമ്പിളുകള്‍ പരിശോധിച്ചത്. പരിശോധന ഫലം CWCയ്ക്ക് കൈമാറി.
കുഞ്ഞിനെ കിട്ടുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് അമ്മ അനുപമ പ്രതികരിച്ചു. കുഞ്ഞിനെ ലഭിക്കാന്‍ ഇനി കുറച്ച് നിയമ നടപടികള്‍ മാത്രമേയുള്ളു. എത്രയും വേഗം കുഞ്ഞിനെ കൈയില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ ലഭിക്കുന്നതെന്നും അനുപമ പറഞ്ഞു.
അതേസമയം അമ്മ അനുപമ കുഞ്ഞിനെ കണ്ടു. തിരുവനന്തപുരത്തെ നിര്‍മല ശിശുഭവനിലെത്തിയാണ് അനുപമയും അജിത്തും കുഞ്ഞിനെ കണ്ടത്. ഒരു വര്‍ഷത്തിന് ശേഷം നടന്ന വൈകാരികമായ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. കുഞ്ഞിനെ കണ്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും പിരിയാന്‍ തോന്നുന്നില്ലെന്നും കുഞ്ഞിനെ കണ്ട ശേഷം അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
കുഞ്ഞിനെ ലഭിച്ചാലും സമരം തുടരും. കുറ്റവാളികളെ ശിക്ഷിക്കും വരെ പോരാടും. എന്നാല്‍ സമരം എങ്ങനെ വേണമെന്ന് പിന്നീട് ആലോചിക്കുമെന്നും അനുപമ പ്രതികരിച്ചു. പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധം സന്തോഷമുണ്ടെന്നും കൂടെ നിന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അച്ഛന് അജിത്തും പ്രതികരിച്ചു. കുഞ്ഞിനെ കാണുന്നതിനും ലഭിക്കുന്നതിനും വേണ്ടി നിരവധി സ്ഥലങ്ങളില്‍ കയറി ഇറങ്ങി. എല്ലായിടത്തും തങ്ങളെ ഇറക്കി വിട്ടു. കാര്യങ്ങള്‍ നന്നയി നടക്കുന്നതില്‍ വളരെ സന്തോഷമെന്നും അജിത് പറഞ്ഞു.


