ഈ മാസം 27 ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഇടത് പാര്‍ട്ടികള്‍ നേരത്തെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളാണ് ഈ മാസം 27ന് ഭാരത് ബന്ദിന് ആദ്യം ആഹ്വനം ചെയ്തത്.
അതിനിടെ ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംയുക്ത ട്രേഡ് യൂണിയന് അറിയിച്ചിരുന്നു. ബിഎംഎസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്‍ഡിഎഫ് പിന്തുണ കൂടി ലഭിച്ചതോടെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രതീതിയായിരിക്കും.
അതേസമയം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയായില്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതോടെ ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് യോഗം തീരുമാനമെടുത്തു.


