സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിക്ക് കേന്ദ്രാനുമതി കാത്തിരിക്കുകയാണ്. ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് അനുമതി വൈകുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരുടെ കേസുകള്‍ പിന്‍വലിക്കില്ല. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് സര്‍വേ തുടരും. ഭാവിയില്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കേണ്ടി വരുമെന്നും കേരളത്തിന് ഒരു പ്രശ്നവും പദ്ധതി മൂലം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കുന്നത്തുനാട് മണ്ഡലത്തില്‍ ഇന്‍ഫോ പാര്‍ക്ക് ഫേസ് 2 വില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി 45 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഈ ഏറ്റെടുത്ത ഭൂമിക്ക് പകരം ഫേസ് 2 വിന്റെ വികസനത്തിനായി വേറെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് പിവി ശ്രീനിജയന്‍ എംഎല്‍എയുടെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
‘സാധാരണ ഗതിയില്‍ ഭൂമി എറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള നഷ്ടപരിഹാരം നല്‍കും. അത് ഉപയോഗിച്ച് കൂടുതല്‍ ഭൂമി ഏറ്റെടുക്കണമെങ്കില്‍ അത് ചെയ്യാം. അതുകൊണ്ട് മാത്രം പദ്ധതിക്ക് എന്തെങ്കിലും കുറവുവരുമെന്ന് കരുതേണ്ടതില്ല.’ എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു
കെ റെയില്‍ സാമൂഹികാഘാത പഠനം നടത്തുന്നതിന് സര്‍വ്വേക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീടും സര്‍ക്കാര്‍ നടപടി തുടരുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി റിപ്പോര്‍ട്ട് നല്കാന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതില്‍ പദ്ധതി സര്‍വ്വേയ്ക്ക് കെ റെയില്‍ കോര്പ്പറേഷന് പണം ചെലവഴിച്ചാല്‍ ഉത്തരവാദിത്തം കെ റെയിലിനുമാത്രമായിരിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാത പഠനവും സര്‍വ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയില്‍വേക്ക് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം അറിയിച്ചിരുന്നു.


