മാസ്കും സാമൂഹിക അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്ക് ഒഴിവാക്കിയെന്ന് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനാലാണ് ഇക്കാര്യമറിയിച്ചത്. ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തിയത്. മാസ്ക് ധരിക്കലിലും കൈകള്‍ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം അറിയിച്ചു.
പൊതു ഇടങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിര്‍ദേശമുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ മാസ്ക് ധരിക്കേണ്ട എന്നല്ല ഇതിനര്‍ഥം എന്നാണ് കേന്ദ്രം ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്.
മാസ്ക് ധരിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ തുടരണമെന്ന് കേന്ദ്രം പറയുന്നു. പരിശോധനകളും ഐസൊലേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും തുടരണം. സംസ്ഥാനങ്ങള്‍ക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം പുതിയ ഉത്തരവ് ഇറക്കും. കേരളത്തില്‍ ഒറ്റയ്ക്ക് കാറില്‍ പോകുമ്പോള്‍ പോലും മാസ്ക് വേണമെന്നായിരുന്നു നിബന്ധന. മാസ്കില്ലെന്ന് കണ്ടെത്തിയാല്‍ 500 രൂപ ഫൈന്‍ അടക്കണമായിരുന്നു. ഈ നിയമങ്ങളാണ് കേന്ദ്ര നിര്‍ദേശത്തോടെ മാറുന്നത്. ഫൈന്‍ അടപ്പിക്കാനുള്ള ചുമതല പൊലീസുകാര്‍ക്ക് ആയിരുന്നു
മാസ്ക് ഒഴിവാക്കാന്‍ സമയമായിട്ടില്ലെന്ന് ഐ.എം.എ. കൊവിഡ് വ്യാപനത്തില്‍ നിന്നും കേരളം പൂര്‍ണ്ണമായും മുക്തരായിട്ടില്ല. അടുത്ത തരംഗം ജൂണില്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പൊതു സ്ഥലത്ത് മാസ്ക് ധരിക്കുന്നതാണ് നല്ല തെന്ന് ഐ.എം എ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി പറഞ്ഞു.


