ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തില്‍ കേന്ദ്രത്തിന് തലോടല്‍. പ്രസംഗത്തില്‍ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണുള്ളത്. സാമ്പത്തിക സ്ഥിതി ഭദ്രം എന്നത് ചിരിപ്പിക്കുന്ന പ്രസ്താവനയാണ്. ഗവര്‍ണറെ കൊണ്ട് ഇത് പറയിച്ചു. ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ആ യാഥാര്‍ഥ്യത്തെ മറച്ചുവച്ചു.
സംസ്ഥാനത്ത് ധനപ്രതിസന്ധി രൂക്ഷം, അത് മറച്ച് വെച്ച് ഗവര്‍ണറെ കൊണ്ട് പ്രസംഗം നടത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മോശം പൊലീസായി കേരള പൊലീസ് മാറി. പൊലീസ്, ചരിത്രത്തിലെ വഷളായ സ്ഥിതിയിലാണ്. പൊലീസിന് ഗുണ്ടാ ബന്ധമുണ്ടെന്നും പൊലീസില്‍ പോലും തീവ്രവാദികളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അക്രഡിറ്റേഷന് ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സെക്രട്ടറിയേറ്റില്‍ പ്രവേശനം ഇല്ലാത്തപ്പോഴാണ് മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത്. ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണ് നടന്നത്. ചരിത്രത്തില്‍ ഒരു ഗവര്‍ണര്‍ സര്‍ക്കാരിന് വേണ്ടി നടത്തുന്ന ഏറ്റവും മോശം നയപ്രഖ്യാപനമാണിതെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തെ വിമര്‍ശിക്കേണ്ട ഒത്തിരി കാര്യങ്ങള്‍ ഉണ്ട്.അത്തരം വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ല. ഗവര്‍ണര്‍ വിമര്‍ശനത്തിന് തയ്യാറായില്ലെന്നാണ് അര്‍ഥമെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.