നഴ്സിന്റെ മിനിമം വേതനം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് മൂന്ന് മാസത്തെ സാവകാശം നല്കി. നഴ്സിന്റെയും ആശുപതി ഉടമകളുടെയും അഭിപ്രായം തേടണം. 2018-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുഃപരിശോധിക്കേണ്ടത്.
ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി നഴ്സുമാര്‍ വീണ്ടും സമര രംഗത്തിറങ്ങിയിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ഒരു നഴ്സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ഈ കണക്കിലേക്ക് സ്വകാര്യ മേഖലയിലെ നഴ്സുമാരെ കൂടി ഉയര്‍ത്തണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.
വേതന വര്‍ധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് നേരത്തേ തന്നെ സമരത്തിലാണ്. പ്രതിദിന വേതനം 1500 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. പ്രതിദിന വേതനം 1500 രൂപയാക്കുകയെന്നതിന് പുറമെ, കോണ്‍ട്രാക്ട് നിയമനങ്ങള്‍ നിര്‍ത്തലാക്കുക, ഇടക്കാലാശ്വാസമായ 50 % ശമ്പള വര്‍ധനയെങ്കിലും ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷനുണ്ട്.
വിഷയത്തില്‍ കൊച്ചിയില്‍ ലേബര്‍ കമ്മീഷണര്‍ നഴ്സുമാരുടെ സംഘടനാ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു തൃശ്ശൂരില്‍ സൂചനാ പണിമുടക്ക് നടത്തിയത്.
തങ്ങളോട് ആലോചിക്കാതെ 2018-ല്‍ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ മിനിമം വേതനം പ്രഖ്യാപിച്ചതെന്നാണ് മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇരുവിഭാഗങ്ങളുമായി കൂടിയാലോചിച്ച് മൂന്ന് മാസത്തിനകം മിനിമം വേതനം പുതുക്കി നിശ്ചയിക്കാന്‍ കോടതി ഉത്തരവിട്ടത്.


