പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്റെ രണ്ടാം രാഷ്ട്ര പിതാവെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. നാഗ്പൂരില്‍ എഴുത്തുകാരുടെ സംഘടന നടത്തിയ ചര്‍ച്ചയിലെ അഭിമുഖത്തിനിടെയായിരുന്നു അമൃതയുടെ പരാമര്‍ശം. ഇന്ത്യക്ക് രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ടെന്നും നരേന്ദ്ര മോദി പുതിയ ഇന്ത്യയുടെ പിതാവാണെന്നും മഹാത്മാഗാന്ധി പഴയ കാലഘട്ടത്തിലെ ഇന്ത്യയുടെ പിതാവാണെന്നും അമൃത ഫഡ്നാവിസ് പറഞ്ഞു.
ഇതാദ്യമായല്ല അമൃത ഫഡ്നാവിസ് നരേന്ദ്രമോദിയെ രാഷ്ട്രപിതാവെന്ന് വിളിക്കുന്നത്. 2019 ല്‍ ജന്മദിനാശംസകള് നേര്‍ന്ന് അമൃത നടത്തിയ ട്വീറ്റിലും മോദിയെ രാഷ്ട്ര പിതാവെന്ന് വിശേഷിപ്പിച്ചതും വിവാദമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ പിതാവായ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള് നേരുന്നു എന്നായിരുന്നു അമൃതയുടെ അന്നത്തെ ട്വീറ്റ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മോദി രാഷ്ട്രപിതാവാണെങ്കില്‍ മഹാത്മാ ഗാന്ധി ആരാണെന്ന ചോദ്യത്തിനാണ് അവര്‍ വേദിയില്‍ മറുപടി നല്‍കിയത്. ‘മഹാത്മാഗാന്ധി രാഷ്ട്രപിതാവാണ്, മോദിജി പുതിയ ഇന്ത്യയുടെ പിതാവാണ്. രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ട്. ഒരാള്‍ ഈ കാലഘട്ടത്തില്‍ നിന്ന്, ഒരാള്‍ ആ കാലഘട്ടത്തില്‍ നിന്ന്,’ അമൃത പറഞ്ഞു.
അതേസമയം, അമൃതയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ യശോമതി ഠാക്കൂര്‍ രംഗത്തെത്തി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ പിന്തുടരുന്നവര് വീണ്ടും വീണ്ടും മഹാത്മാ ഗാന്ധിയെ കൊല്ലാന്‍ ശ്രമിക്കുകയാണ്. നുണകള്‍ ആവര്‍ത്തിച്ചും ഗാന്ധിയെ പോലുള്ള മഹാന്മാരെ അപകീര്‍ത്തിപ്പെടുത്തിയും ചരിത്രം മാറ്റിയെഴുതാനുള്ള വ്യഗ്രതയിലാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും യശോമതി ഠാക്കൂര്‍ പറഞ്ഞു.


