പിടി തോമസിന്റെ വേര്‍പാടിലൂടെ നഷ്ടമാകുന്നത് പ്രകൃതിയെ സ്നേഹിച്ച പരിസ്ഥിതി സംരക്ഷണത്തിനായി പോരാടിയ നേതാവിനെ. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി. തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അദ്ദേഹം ഉറച്ചു നിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന തോമസിന്റെ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
സ്കൂളില്‍ പഠിക്കുമ്പോള്‍ കെഎസ്യുവിലൂടെയാണ് പി.ടി. തോമസ് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചത്. കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 2007 ല്‍ ഇടുക്കി ഡിസിസി പ്രസിഡന്റായി.
കെപിസിസി നിര്‍വാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടര്‍, കെഎസ്യു മുഖപത്രം കലാശാലയുടെ എഡിറ്റര്‍, ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ്കാരിക സംഘടനയായ സംസ്കൃതിയുടെ സംസ്ഥാന ചെയര്മാന്, കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും 2016 ലും 2021 ലും തൃക്കാക്കരയില്‍ നിന്നും ജയിച്ചു. 2009 ല്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ നിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബര്‍ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ‘എഡിബിയും പ്രത്യയശാസ്ത്രങ്ങളും’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
ഭാര്യ: ഉമ തോമസ്, മക്കള്‍: വിഷ്ണു തോമസ്, വിവേക് തോമസ്.


