എകെജി സെന്ററര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിതിന് കേസുമായി ബന്ധമില്ലെന്നും സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു.
ജിതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വിടി ബല്‍റാം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് തവണ ജിതിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച ബല്‍റാം എന്നാല്‍ പിന്നീട് വിട്ടയച്ചതായിരുന്നുവെന്നും ഇപ്പോള്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
എകെജി സെന്റര്‍ ആക്രമണങ്ങളുമായി ജിതിന് ബന്ധമില്ല. എകെജി സെന്ററില്‍ ആക്രമണം നടത്തിയ ആളെത്തിയത് ഡിയോ വാഹനത്തിലാണെന്നാണ് പൊലീസ് പറഞ്ഞത്. ജിതിന് ഡിയോ സ്കൂട്ടറില്ല. മറ്റ് ബന്ധങ്ങളുമില്ല. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടും മനസിലാക്കിയുമുണ്ടായ അസ്വസ്ഥതയാണ് കസ്റ്റഡിയിലേക്ക് നയിച്ചതെന്നും ബല്‍റാം ആരോപിച്ചു.
എകെജി സെന്റര്‍ ആക്രമണക്കേസില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മണ്‍വിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിന്. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ജൂലൈ 30 ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്.


