പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയണമെന്ന് സുപ്രീംകോടതി വിധി. കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നിന്റെ സ്മാരകമാണ് ഇതോടെ പൊളിയാന്‍ പോകുന്നത്. ഗതാഗതത്തിന് തുറന്ന് രണ്ടരവര്‍ഷത്തിനുള്ളില്‍ ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേല്‍പ്പാലം യുഡിഎഫ് അഴിമതിയുടെ നിത്യസ്മാരകമാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്പീഡ് പദ്ധതിയില്‍പ്പെടുത്തി 2013 ലാണ് പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിന് പദ്ധതി തയ്യാറാക്കുന്നത്. അനധികൃത സ്വത്തു സമ്പാദന കേസില്‍ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഷനിലായിരുന്ന ടിഒ സൂരജ് ഇതോടൊപ്പം പൊതുമരാമത്ത് സെക്രട്ടറിയായി സര്‍വ്വീസില്‍ തിരിച്ചെത്തുന്നു. ദേശീയപാത അതോറിറ്റി നിര്‍മിക്കേണ്ട പാലം പൊതുമരാമത്ത് വകുപ്പ് സ്വമേധയാ ഏറ്റെടുക്കുന്നു. മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ചെയര്‍മാനായ കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷ (ആര്‍ബിഡിസികെ)ന് മേല്‍നോട്ട ചുമതല നല്കി. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ കിറ്റ്കോ കണ്‍സള്‍ട്ടന്‍സിയായി.
പാലം നിര്‍മാണം കരാര്‍ നല്‍കാനുള്ള രേഖകളില്‍ തിരുത്തലും കൃത്രിമവും കാണിച്ച് ആര്‍ഡിഎസ് പ്രോജക്ട്സ് എന്ന കമ്പനിക്ക് കരാര്‍ ഉറപ്പിച്ചുകൊടുത്തു. മറ്റു കരാറുകാരെ ഒഴിവാക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിയുടെ ഇടപെടലും ഉണ്ടായതായി വിജിലന്‍സ്. ആകെ 47.70 കോടി രൂപ വകയിരുത്തിയ നിര്‍മാണം ആറ് കോടിയോളം കുറവിലാണ് ആര്‍ഡിഎസ് കരാറെടുത്തത്. നിര്‍മാണത്തിന് മുന്‍കൂര്‍ പണം (മൊബിലിറ്റി അഡ്വാന്‍സ്) നല്‍കില്ലെന്ന് മറ്റു കരാറുകാരോട് പറഞ്ഞെങ്കിലും എട്ടേകാല്‍ കോടി രൂപ മന്ത്രിയുടെ ഇടപെടലില്‍ അതിവേഗം അനധികൃതമായി കരാറുകാരന് കൈമാറി. ഇതിന് മന്ത്രിയുടെ ഉത്തരവുണ്ടായിരുന്ന കാര്യം ടിഒ സൂരജ് വെളിപ്പെടുത്തിയത് ക്രമക്കേടില്‍ വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനുള്ള തെളിവായി. അതുവരെ പാലാരിവട്ടം ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ ചുമത്തിയ വി കെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ആര്‍ഡിഎസ് അത് മറികടക്കാന്‍ കൂടിയാണ് ഏറ്റവും കുറഞ്ഞ നിരക്കിലും പാലം നിര്‍മാണമേറ്റെടുത്തത്. യുഡിഎഫ് സര്‍ക്കാര്‍ നല്കിയ സഹായത്തിനുള്ള പ്രതിഫലവും കരാര്‍ തുകയില്‍ നിന്ന് വീതിച്ചു. ബാക്കിയുള്ള തുകകൊണ്ട് പാലം പണിത കരാറുകാരന് നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ കാണിക്കുക സ്വാഭാവികം. കൊള്ളപ്പണം കൈപ്പറ്റിയവര്‍ അതിനു നേരെ കണ്ണടയ്ക്കുകയും ചെയ്തു. പാലം നിര്‍മാണത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റു കൂട്ട് നിര്‍ദ്ദിഷ്ട നിലവാരത്തിലും താഴെയായി. കമ്പി നിലവാരം കുറഞ്ഞതായി. അതും ആവശ്യത്തിന് ഉപയോഗിച്ചില്ല.
ഗുണമേന്മ പരിശോധനകളൊന്നും നടത്താതെ, ചുമതലയുള്ളവരുടെ മേല്നോട്ടമില്ലാതതൊര്ഡിഎസ് തോന്നിയപടി നിര്‍മാണം പൂര്‍ത്തിയാക്കി. ഗതാഗതത്തിന് തുറന്ന പാലം ഒന്നാംദിവസം മുതല്‍ തന്നെ ബലക്ഷയം കാണിച്ചുതുടങ്ങി. വാഹനങ്ങള്‍ കയറുമ്പോള്‍ വലിയ ശബ്ദത്തോടെ പലാം ഇളകി. സ്പാനുകള്‍ക്കിടയിലെ ജൊയിന്റ് തകര്‍ന്നു. പാലത്തെയും തൂണിന്റെ മുകള്‍ഭാഗത്തെയും ബന്ധിപ്പിക്കുന്ന ബെയറിങുകള്‍ നിലവാരക്കുറവ് മൂലം തകര്‍ന്നു. കോണ്‍ക്രീറ്റ് നിര്‍മാണങ്ങളില്‍ പരക്കെ പൊട്ടലും വിള്ളലും രൂപപ്പെട്ടു. പാലം യാത്രായോഗ്യമല്ലെന്ന് വിലയിരുത്തലുണ്ടായതോടെ മദ്രാസ് ഐഐടിയെ പരിശോധനക്ക് നിയോഗിച്ചു. രണ്ടര വര്‍ഷത്തിനകം പൊളിഞ്ഞ പാലം കഴിഞ്ഞ ജൂണ്‍ ഒന്നിന് അടച്ചു.
ആദ്യം മദ്രാസ് ഐഐടിയും പിന്നീട് മെട്രോമാന് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘവും നടത്തിയ പരിശോധനയില്‍ വെളിപ്പെട്ടത് കേരളത്തെ മാത്രമല്ല രാജ്യത്തെയാകെ ഞെട്ടിച്ച കണ്ടെത്തലുകള്‍. ഐഐടിയിലെ വിദഗ്ധ സംഘത്തിന്റെ പരിശേളാധനയില്‍ തന്നെ പാലത്തിന്റെ ബലക്ഷയം ബോധ്യപ്പെട്ടെങ്കിലും ഇ ശ്രീധരന്റെ അഭിപ്രായം കൂടി തേടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരം ഇ ശ്രീധരനും മഹേഷ് ഠണ്ടനെ പൊലുള്ള വിദഗ്ധരുമുള്‍പ്പെട്ട സംഘം രണ്ട്വട്ടം പാലം പരിശോധിച്ചു.
പാലം പൊളിച്ചു പണിയണമെന്ന് വിധിയെഴുതി. പാലത്തിന്റെ ഡിസൈനില്‍ മുതല്‍ കുഴപ്പങ്ങളുള്ളതായി ശ്രീധരന് വെളിപ്പെടുത്തി. 18.71 കോടി രൂപ ചെലവില്‍ പാലം പുനര്‍നിര്‍മിക്കണമെന്നും അറ്റകുറ്റപ്പണിയിലൂടെ പാലം സുരക്ഷിതമാകില്ലെന്നും അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു. രാജ്യത്ത് ഇത്തരമൊരു നിര്‍മാണം ആദ്യമാണെന്ന് ശ്രീധരന് മാധ്യമങ്ങളോട് പറഞ്ഞു.
പാലം പെുനര്നിര്മിക്കാനുള്ള നടപടികള്‍ക്കൊപ്പം നിര്‍മാണത്തിലെ അഴിമതി കണ്ടെത്താന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു. അതിന് പിന്നാലെ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ യുഡിഎഫ് നേതൃനിരയാകെ പങ്കെടുത്ത യൂഡിഎഫ് സമരം കളമശേരിയില്‍ അരങ്ങേറി. വിജിലന്‍സ് അന്വേഷണത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം ഫലംകണ്ടില്ലെന്ന് തുടര്‍ന്നുണ്ടായ സംഭവങ്ങളിലൂടെ കേരള സമൂഹത്തിന് ബോധ്യപ്പെട്ടു.
നിര്‍മാണ മേല്‍നോട്ടം വഹിച്ച ആര്‍ബിഡിസികെ, കണ്‍സള്‍ട്ടന്‍സിയായ കിറ്റ്കോ, ഫണ്ടിങ് ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡ് എന്നിവയുടെ ഓഫീസുകള്‍ പരിശോധിച്ച് വിജിലന്‍സ് 147 സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ ഉള്‍ശപ്പടെ നൂറ്റമ്പതോളം പേരെ ചൊദ്യംചെയ്തു. 17 പേരെ പ്രതിസ്ഥാനത്തു സംശയിക്കുന്ന പട്ടിക തയ്യാറാക്കി.
പാലാരിവട്ടം പാലം നിര്‍മാണത്തിന് പിന്നില്‍ നടന്ന അഴിമതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന വിവരം വിജിലന്‍സ് കോടതിയെ അറിയിച്ചു. വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ വിവരങ്ങളോട് കോടതികള്‍ ഞെട്ടലോടെയാണ് പ്രതികരിച്ചത്. അറസ്റ്റിലായ പ്രതികള്‍ക്ക് കോടതി തുടര്‍ച്ചയായി ജാമ്യം നിഷേധിച്ചു. അവര്‍ പുറത്തിറങ്ങിയാല്‍ കേസിനെ വഴിതിരിച്ചുവിടാന്‍ ഇടപെടുമെന്ന വിജിലന്‍സ് വാദം അംഗീകരിച്ചാണ് ഓരോ തവണയും ജാമ്യം നിഷേധിച്ചത്.


