ജനക്ഷേമ സഖ്യത്തിന്റെ പിന്തുണയ്ക്കായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അവരുടെ തീരുമാനത്തില്‍ ഒരു തെറ്റും കാണുന്നില്ല. സ്വതന്ത്ര നിലപാടെടുക്കുവാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. കിറ്റക്സ് കമ്പനി പൂട്ടിക്കാന്‍ ശ്രമിച്ചത് പിണറായി സര്‍ക്കാരാണ്. ട്വന്റി ട്വന്റി പ്രവര്‍ത്തകനെ സിപിഐഎമ്മുകാര്‍ തല്ലിക്കൊന്നത് അവര്‍ക്ക് മറക്കാനാവുമോ. അതൊന്നും ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ മറക്കുകയില്ലെന്നും സതീശന് വ്യക്തമാക്കി.
ജാതി നോക്കി വീടുകയറുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് പറഞ്ഞ് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. വിഡി സതീശന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രചാരണത്തിനെത്തിയ വീട്ടിലെ ഗൃഹനാഥനെയും കുടുംബത്തെയും അടുത്ത് വിളിച്ച് ഇവര്‍ ഏത് ജാതിയാണെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞാണ് മന്ത്രി പ്രതികരിച്ചത്.
വിഡി സതീശന് മനസിലിരിക്കുന്ന കാര്യങ്ങളാണ് പറഞ്ഞുനടക്കുന്നത്. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും പങ്കെടുക്കുന്ന പരിപാടികളില്‍ ആളും അനക്കവുമില്ല. അധിക്ഷേപ പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമുദ്ര. എല്‍ഡിഎഫ് ഉറപ്പായും 100 സീറ്റ് തികച്ച് സെഞ്ച്വറിയടിക്കും. തൃക്കാക്കരയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വരണമെങ്കില്‍ ജോ ജോസഫ് വിജയിക്കണം. സില്‍വര്‍ ലൈന്‍ വരുംതലമുറയ്ക്ക് ആവശ്യമുള്ള പദ്ധതിയാണെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന ജനക്ഷേമ സഖ്യത്തിന്റെ നിലപാടിനെ സ്വാ?ഗതം ചെയ്യുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പറഞ്ഞു. അവര്‍ക്ക് നിലപാട് പ്രഖ്യാപിക്കാനുള്ള അവകാശമുണ്ട്. തൃക്കാക്കരയില്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളില്ലെന്നതാണ് സത്യം. ഇത്തവണ എല്‍ഡിഎഫ് സെഞ്ച്വറിയടിക്കും. തൃക്കാക്കരയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വരണമെങ്കില്‍ ഇടതുപക്ഷം വിജയിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.


