ന്യൂഡല്‍ഹി: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. വനിതാ നേതാക്കളായ മുനവ്വരി ബീഗവും മുഫാസ ഖാത്തൂനുമാണ് വൈസ് ചെയര്പേഴ്സണ്സന്മാര് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തു. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായാണ് അബ്ദുള്ളക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്.
2025 മാര്‍ച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തില്‍നിന്നുള്ള പ്രതിനിധിയായി മുഹമ്മദ് ഫൈസിയെ ഉള്‍പ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ട് തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സി. മുഹമ്മദ് ഫൈസി കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റാണ്. കോഴിക്കോട് കാരന്തൂരിലെ മര്‍കസ് സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറും സിറാജ് ദിനപത്രം പബ്ലിഷറുമാണ്.

