തിരുവനന്തപുരം: സസ്പെന്ഷന് നടപടിയില്‍ പരാതിയുമായി കെഎസ്യു വൈസ് പ്രസിഡന്റ് ആര് വി സ്നേഹ. നടപടി ഏകപക്ഷീയമാണെന്നാരോപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രാഹുല്‍ ഗാന്ധിക്കും പരാതി നല്കി. എന്എസ്യു ദേശീയ നേതൃത്വത്തിന്റെ നടപടിക്കെതിരെയാണ് സ്നേഹ പരാതി നല്‍കിയത്. സ്നേഹയെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ കെഎസ്യു സംസ്ഥാന പ്രസിഡണ്ട് അഭിജിത്തിന് എന്എസ്യു നിര്‍ദ്ദശം നല്‍കുകയായിരുന്നു.
കോണ്‍ഗ്രസില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എം ലിജുവിന് വേണ്ടി സ്നേഹ പരസ്യമായി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, അവരുടേത് പെയ്മെന്റ് സീറ്റാണെന്ന് സ്നേഹ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യപ്രതികരണം നടത്തിയിരുന്നു.
ഇതു കൂടാതെ, രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ബിന്ദു കൃഷ്ണ മതിയായിരുന്നെന്നാണ് സ്നേഹ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ത്രീകളുടെ ശബ്ദമായി നിലനിന്ന നേതാവായിരുന്നു ബിന്ദു കൃഷ്ണയെന്നും സ്നേഹ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെയാണ് നടപടി. ഹരിപ്പാട് ചെറുതന ഡിവിഷനില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സ്നേഹ.


