ഇഎംസിസിയുമായി ആഴക്കടല്‍ മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ധാരണപത്രം റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കമ്പനിയുമായി കെഎസ്ഐഡിസിയും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഒപ്പുവച്ച ധാരണാ പത്രങ്ങളും ഭക്ഷ്യസംസ്കരണ പാര്ക്കിന് സ്ഥലം അനുവദിച്ചതുമുമാണ് റദ്ദാക്കിയത്.
കെഎസ്ഐഎന്സിക്കുവേണ്ടി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണ പത്രമാണ് റദ്ദാക്കിയത്. കരാര്‍ ഒപ്പിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണത്തിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ അറിയാതെയാണ് ധാരണാ പത്രങ്ങള്‍ ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് എംഡി എന്‍ പ്രശാന്തായിരുന്നു ധാരണ പത്രത്തില്‍ ഒപ്പിട്ടത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ചത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യമന്ത്രാലത്തിന് അയച്ച കത്ത് ചെന്നിത്തല പുറത്തുവിട്ടു. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസി കണ്‍സെപ്റ്റ് ലെറ്റര്‍ അയച്ച വിവരം കേന്ദ്രത്തെ ധരിപ്പിക്കുന്ന കത്തില്‍ ഇഎംസിസിയുടെ ക്രെഡന്‍ഷ്യല്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷിച്ചതായും ചെന്നിത്തല പറയുന്നു.
പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഈ കരാര്‍ മറ്റ് നടപടികളിലേക്ക് കടന്നേനെയെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികളാണെന്നും ചെന്നിത്തല ആഞ്ഞടിച്ചു.


