ബിജെപി മന്ത്രിമാരെ പ്രശംസിച്ച രാജ്യസഭാ എംപി പി വി അബ്ദുല്‍ വഹാബിനെ തള്ളി മുസ്ലിം ലീഗ്. വഹാബിന്റെ പരാമര്‍ശത്തോട് യോജിപ്പിപ്പില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്ശമുണ്ടായതെന്നതില് എംപിയോട് വിശദീകരണം തേടുമെന്നും സാദിഖ് അലി തങ്ങള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
വാര്‍ത്തക്കുറിപ്പ് ഇപ്രകാരമാണ്-‘ കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയില്‍ പി വി അബ്ദുല്‍ വഹാബ് എംപി നടത്തിയ പരാമര്‍ശത്തോടെ പാര്‍ട്ടി യോജിക്കുന്നില്ല. ഏതു സാഹചര്യത്തിലാണ് പ്രസ്തുത പരാമര്‍ശം എന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കും. ‘
വഹാബിന്റെ പരാമര്‍ശത്തില്‍ മുസ്ലിം ലീഗില്‍ അതൃപ്തി രൂക്ഷമാണ്. സാദിഖ് അലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനുശേഷമാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുള്ളത്.
വഹാബിന്റെ വ്യക്തി താല്പര്യവും പാര്‍ട്ടി താല്പര്യങ്ങളും രണ്ടാണെന്ന് ആക്ഷേപം മുന്‍പ് തന്നെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. വി മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയും പുകഴ്ത്തിക്കൊണ്ടുള്ള വഹാബിന്റെ പരാമര്‍ശം കൂടി ഉണ്ടായതോടെ വഹാബിനെതിരെ മുസ്ലിം ലീഗിനുള്ളില്‍ നിന്ന് തന്നെ കുറ്റപ്പെടുത്തല്‍ ശക്തമായി. കോണ്‍ഗ്രസിന്റെ ഭാഗത്തുള്ള സമ്മര്‍ദ്ദം കൂടി വന്നതോടെ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് വഹാബിനെതിരെ പരസ്യപ്രസ്താവന പുറപ്പെടുവിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ആ സാഹചര്യത്തിലാണ് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ നേരിട്ട് വഹാബിനോട് വിശദീകരണം ചോദിക്കുമെന്ന് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
വി മുരളീധരന് ഡല്‍ഹിയില്‍ കേരളത്തിന്റെ അംബാസഡറാണെന്നായിരുന്നു വഹാബിന്റെ പരാമര്‍ശം. താങ്കള്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ സ്ഥാനം ശൂന്യമാകുമായിരുന്നുവെന്ന് മന്ത്രി മുരളീധരനെ നോക്കി വഹാബ് പറഞ്ഞു. സ്വന്തം പാര്‍ട്ടിയുടെ മാത്രമല്ല കേരളത്തിന്റെ കാര്യവും മന്ത്രി ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ കേരളത്തില്‍ വരുമ്പോള്‍ കേരള സര്‍ക്കാറിനെ കുറിച്ച് ആവശ്യമില്ലാത്ത ചില പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്താറുണ്ടെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വൈദഗ്ധ്യ വികസനത്തിന്റെ കാര്യത്തില്‍ ചെയ്യുന്നത് പ്രശംസനീയമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പി വി അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ പറഞ്ഞിരുന്നു.
നോട്ടുനിരോധനത്തിലൂടെ നാല് ലക്ഷം കോടി രൂപയെങ്കിലും ലാഭമുണ്ടായില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്നാണ് വി മുരളീധരന് പറഞ്ഞിരുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ പറഞ്ഞിരുന്നു. അവരെല്ലാം ഇന്ന് ഉന്നത പദവികളിലിരിക്കുന്നുവെന്നും എംപി ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നുളള ഒരു എംപി സംസാരിക്കുമ്പോള്‍ അത് കേള്‍ക്കുകയെങ്കിലും ചെയ്യണം. കേരളത്തില്‍ ഇടങ്കോലിടുക മാത്രമാണ് വി മുരളീധരന്റെ അജണ്ടയെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു.