മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയല്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തു. ഇന്ന് രാവിലെയാണ് ഗോയല്‍ ചുമതലയേറ്റതെന്ന് കമ്മീഷന് അറിയിച്ചു. ശനിയാഴ്ചയാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോയല്‍ നവംബര്‍ 18ന് വിരമിച്ചിരുന്നു.
2027 ഡിസംബര്‍ വരെ പദവിയില്‍ തുടരും. 2025 ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ സ്ഥാനമൊഴിയുന്നതോടെ ഗോയല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാകും. ഈ വര്‍ഷം മേയില്‍ സുശീല്‍ ചന്ദ്ര വിരമിച്ച ഒഴിവില്‍ രാജീവ്കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായതോടെ മൂന്നംഗ പാനലില്‍ ഒന്ന് ഒഴിഞ്ഞുകിടക്കുകയാണ്.
ആറു വര്‍ഷമോ 65 വയസ് തികയുന്നതുവരെയോ ആണ് തെരഞ്ഞെടുപ്പ് കമീഷണര്‍, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ കാലാവധി.
ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ ഗുജറാത്ത് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ നിയമനം. നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര, കര്‍ണാടക എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

