അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റിയത് കൊണ്ടാണ് യുഡിഎഫ് നേതാക്കളെ സ്വഭാവഹത്യ ചെയ്യുംവിധം വൈരനിര്യാതന ബുദ്ധിയോടെ കേസുകള്‍ എടുക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഏതു നിമിഷവും ജയിലിലേക്ക് പോകുമെന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവാണ് പ്രതികാരബുദ്ധിക്ക് കാരണം.പ്രതികാര നടപടികളുടെ പേരില്‍ കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും നിശബ്ദമാക്കാമെന്ന് കരുതിയെങ്കില്‍ മുഖ്യമന്ത്രിക്ക് തെറ്റി.യുഡിഎഫ് നേതാക്കള്‍ക്കെതിരായ പ്രതികാര നടപടികളെ ഒറ്റക്കെട്ടായി നേരിടും.കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി കേസ് പിന്‍വലിക്കാന്‍ പത്തുകോടി രൂപ ഓഫര്‍ ചെയ്തെന്ന് ആരോപണ കര്‍ത്താവ് ഉന്നയിച്ച ആക്ഷേപത്തില്‍ എന്തുകൊണ്ട് പ്രാഥമിക അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല.ജോസ് കെ മാണിയെ പരിശുദ്ധനാക്കാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രവാസി വ്യവസായിയില്‍ നിന്നും 50 ലക്ഷം തട്ടിയ കേസില്‍ സിപിഎം സ്വതന്ത്ര എംഎല്‍എക്കെതിരെ എന്തുനടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്? മഹാരാഷ്ട്ര സിന്ധുദുര്‍ഗില്‍ 200 ഏക്കര്‍ ഭൂമി ബിനാമി പേരിലുള്ള കേരളത്തിലെ രണ്ടു മന്ത്രിമാര്‍ ആരെന്ന് വെളിപ്പെടുത്താനും അതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനും മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും മുല്ലപ്പള്ളി വെല്ലുവിളിച്ചു.
സ്പ്രിങ്കളര്‍,ഇ-മൊബിലിറ്റി,ലൈഫ് ഉള്‍പ്പെടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ അഴിമതികള്‍ ഓരോന്നായി തുറന്ന് കാട്ടിയത് പ്രതിപക്ഷ നേതാവാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതിന്റെ പകപോക്കലാണ് ഈ കേസുകള്‍ക്കെല്ലാം പ്രേരകഘടകം.മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലന്‍സ് നാലുതവണ അന്വേഷിച്ച് ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ട് ക്ലീന്‍ചീറ്റ് നല്കിയ കേസാണ് ബാര്‍കോഴ വിവാദമെന്നും മുല്ലപ്പള്ളി പറഞ്ഞു.


