ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളാരും കോഴ വാങ്ങിയില്ലെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിജു രമേശിനെതിരെ മാനനഷ്ട കേസ് പരിഗണനയിലുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം വരുന്നുവെന്ന ഇന്ന് രാവിലെയാണ് പുറത്തുവരുന്നത്. ബാര്‍ കോഴ കേസിലാണ് പുതിയ നടപടി. വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഗവര്‍ണറുടേയും സ്പീക്കറുടേയും അനുമതി തേടിയ ശേഷമാകും അന്വേഷണം.
രണ്ട് മന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയില്‍ ബിനാമി ഭൂമി ഉണ്ടെന്ന വാാര്ത്തടകളടക്കം ഉന്നയിച്ച് സര്‍ക്കാറിനെതിരായ അഴിമതി സജീവമാക്കി നിര്‍ത്താനാണ് പ്രതിപക്ഷ നീക്കം. നമ്പറിട്ട് നേതാക്കളെ കുടുക്കുന്നു എന്നായിരുന്നു കമറുദീന്റെ അറസ്റ്റിന് പിന്നാലെ ഇബ്രാഹിം കുഞ്ഞിനെയും അറസ്റ്റ് ചെയ്തപ്പോോഴുള്ള യുഡിഎഫ് പ്രതികരണം. എന്നാല്‍ പ്രതിപക്ഷനിരയിലെ ഒന്നാം നമ്പറുകാരനെ തന്നെ ലക്ഷ്യമിട്ട് ബാര്‍കോഴ വീണ്ടും എടുത്തിടുമ്പോള്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്ന സൂചന സര്‍ക്കാര്‍ നല്കുന്നു. അഴിമതി ആരോപണം നേരിടുന്ന സര്‍ക്കാര്‍ ബാലന്‍സ് ചെയ്യാന്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കേസുകള്‍ കുത്തിപ്പൊക്കുന്നുവെന്ന് പറഞ്ഞാണ് പ്രതിപക്ഷം പ്രതിരോധം തീര്‍ക്കുന്നത്.
തനിക്കെതിരായ ബിജുരമേശിന്റെ കോഴ ആരോപണം ഏജന്‍സികള്‍ അന്വേഷിച്ച് തള്ളിയതാണെന്നും റിപ്പോര്‍ട്ട് കോടതിക്ക് മുന്നിലുള്ളതാണെന്നും ചെന്നിത്തല പറയുന്നു. മാണിക്കെതിരായ ബാര്‍കോഴ ഒതുക്കാന്‍ ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്തുവെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലില്‍ എന്ത് കൊണ്ട് അന്വേഷണമില്ലെനന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് മുന്നോട്ട് പോയാല്‍ കോടതിയെ സമീപിക്കുന്നതടക്കം കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. രാഷട്രീയമായി കേസുകളെ നേരിടുമ്പോഴും ബാറിന് പിന്നാലെ സോളാര്‍ കേസും വരുന്നത് തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നിരയില്‍ അങ്കലാപ്പുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം സ്വാഭാവിക നടപടികളെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നല്‍കിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നും ബിജു പറഞ്ഞിരുന്നു.


