തൗബാല്‍ : മണിപ്പൂരില്‍ വീണ്ടും ആയുധങ്ങള്‍ കണ്ടെടുത്തു. മണിപ്പൂരിലെ തൗബാല്‍ ജില്ലയിലെ ഹവോഖോങ്ങ് താഴ്വരയില് നിന്നാണ് ഹാന്‍ഡ് ഗ്രനേഡുകളും കാര്‍ബൈന്‍ മെഷീന് ഗണ്ണും ഉള്‍പ്പെടെയുളള അത്യാധുനിക ആയുധങ്ങള്‍ അസം റൈഫിള്‍സ് കണ്ടെടുത്തത്.
9 എംഎം കാര്‍ബൈന്‍ മെഷീന് ഗണ്‍, ഒരു സിംഗിള്‍ ബാരല്‍ റൈഫിള്‍, മൂന്ന് ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നിവയാണ് സെപ്റ്റംബര്‍ 19 ന് കണ്ടെടുത്തത്.
മേഖലയില്‍ ആയുധശേഖരമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് സെര്‍ച്ച് ഓപ്പറേഷന് ഗ്രൂപ്പിന്റെ (എസ്ഒജി) സഹകരണത്തോടെയാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. മണിപ്പൂരില്‍ ഇപ്പോഴും ഇടയ്ക്കിടെ അക്രമ സംഭവങ്ങളുണ്ടാകുന്നതിനിടെയാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
പട്ടികവര്‍ഗ പദവിക്കായുള്ള മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച്, മെയ് 3 ന് മലയോര ജില്ലകളില്‍ ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ 160 ലധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തേയി വിഭാഗം ഇംഫാല്‍ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. നാഗങ്ങളും കുക്കികളും ഉള്‍പ്പെടെയുള്ള 40 ശതമാനം വിഭാഗം മലയോര ജില്ലകളിലാണ് താമസിക്കുന്നത്.


