കൊച്ചി: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍ (ഈദുല്‍ അസ്ഹ). കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ലെങ്കിലും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ഥനകള്‍ നടക്കും. സഹജീവി സ്നേഹത്തിന്റെയും ത്യാഗസമർപ്പണത്തിന്റെയും ഓർമകളാണ് ഓരോ ബലിപെരുന്നാളിലും നിറയുന്നത്.
പ്രവാചകൻ ഇബ്രാഹിം ആത്മത്യാഗത്തിൻ്റെ അഗ്നിയിൽ ചാലിച്ചെടുത്ത വിശ്വാസത്തിൻ്റെ ആഘോഷാവിഷ്കാരമാണ് ബലി പെരുന്നാൾ. തക്ബീർ ധ്വനികൾ കൊണ്ട് പകലന്തിയോളം ഭക്തിസാന്ദ്രമാവുന്ന അന്തരീക്ഷവും അത്തറിൻ്റെ പരിമളവുമായി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലുമുള്ള ഒത്തുചേരലുകളും പെരുന്നാളിന്റെ പ്രത്യേകതയാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് 40 പേര്‍ക്ക് പള്ളികളില്‍ നമസ്കാരത്തിന് അനുമതിയുണ്ടാകും. ഒരു ഡോസെങ്കിലും വാക്സിന് എടുത്തവര്‍ക്കാണ് അനുമതി. സാമൂഹ്യ അകലവും ആളുകളുടെ എണ്ണവും കൃത്യമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


