ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് മരിച്ച സുരേഷ് കുമാറിനായി കൊണ്ടുവന്ന വൃക്ക സ്വീകരിക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആരുമുണ്ടിയിരുന്നില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അരുണ്‍ദേവ്. ‘വൃക്കയുമായി ആംബുലന്‍സ് എത്തിയെങ്കിലും ആരും അവിടെയുണ്ടായിരുന്നില്ല. സെക്യൂരിറ്റി പോലും കാര്യമറിഞ്ഞിരുന്നില്ല. ഞായറാഴ്ച ആയതിനാല്‍ തിരക്കും കുറവായിരുന്നു.
ഡോക്ടര്‍മാരെ ആരും കാണാത്തത് കൊണ്ടാണ് ആംബുലന്‍സിന്റെ ഡോറ് തുറന്ന് വൃക്കയടങ്ങിയ പെട്ടിയുമായി ഓടിയതെന്നും അരുണ്‍ദേവ് പറഞ്ഞു. ആംബുലന്‍സില്‍ കൂടെ വന്ന ഡോക്ടര്‍മാര്‍ അവശരായിരുന്നു. അവിടുത്തെ അവസ്ഥ കണ്ട് സഹായിച്ചത് ഇപ്പോള്‍ പ്രശ്നമായെന്നും കുറ്റപ്പെടുത്തുന്നതില്‍ വിഷമമുണ്ടെന്നും അംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.
വൃക്കയുമായി ഓപ്പറേഷന് തിയേറ്ററിന്റെ അടുത്തെത്തിയപ്പോള്‍ അത് പൂട്ടിയിട്ടിരിക്കുകയായിരുന്നു. 10 മിനിറ്റ് അവിടെയും കാത്തു നിന്നു. പിന്നെ ഐ.സി.യുവില്‍ നിന്ന് ഒരു മെയില്‍നഴ്സ് ഇറങ്ങി വന്നാണ് തിയേറ്ററിന്റെ അരികിലുള്ള സ്റ്റാഫുകള്‍ക്ക് കയറാനുള്ള വാതില്‍ തുറന്ന് തന്നത്. അത് വഴിയാണ് വൃക്ക ഓപ്പറേഷന് തിയേറ്ററിന്റെ അകത്തേക്ക് കൊണ്ടു പോയതെന്നും അദ്ദേഹം പറഞ്ഞു.


