ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഏഴ് ഭീകരരെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ പാക് ദേശീയവാദ ഗ്രൂപ്പുകളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.
രജൗരിയില്‍ ജയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തൊയ്ബ തുടങ്ങിയ സംഘടനകളുടെ സജീവമായ ഭീകരരുടെ സഹായത്തോടെയായിരുന്നു സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം. പാക് അധീന കശ്മീരില്‍ നിന്ന് രജൗരി, പൂഞ്ച് വഴി ഇന്ത്യയിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയതായുള്ള റിപ്പോര്‍ട്ടുകള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പരിശോധിക്കുകയാണ്. ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന ബറ്റാ-ഡോരിയ മേഖലയില്‍ ഡ്രോണുകളും സ്നിഫര്‍ നായ്ക്കളെയും ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്.


