അന്തരിച്ച തൃക്കാക്കര എം.എല്‍.എ പി. ടി തോമസിനെ അനുസ്മരിച്ച് നിയമസഭ. ശരികളില്‍ വിട്ടുവീഴ്ച ചെയ്യാത്ത മികച്ച സാമാജികനായിരുന്നു പി.ടി തോമസെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. ശരിയെന്നു തോന്നുന്ന നിലപാടുകളായിരുന്നു പി.ടി തോമസ് എന്നും കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു.
വ്യക്തി നിഷ്ഠമായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകള്‍. പാരിസ്ഥിതിക – സമുദായിക വിഷയങ്ങളില്‍ പൊതു നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു പി.ടി യുടെ നിലപാടുകള്‍. സഭയില്‍ വിഷയങ്ങള്‍ ഗാഢമായി പഠിച്ചു അവതരിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയ സാമാജികനും മതനിരപേക്ഷത കുടുംബത്തിലും രാഷ്ട്രീയത്തിലും പുലര്‍ത്തിയ നേതാവെന്നും മുഖ്യമന്ത്രി ഓര്‍മിച്ചു.
ഏറ്റെടുക്കുന്ന നിയോഗങ്ങളോട് പൂര്‍ണ്ണ പ്രതിബദ്ധത പുലര്‍ത്തിയ നേതാവാണ് പി.ടി തോമസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. മതേതര നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.
മറ്റു നടപടികളിലേക്കു കടക്കാതെ സഭ ഇന്നത്തേക്കു പിരിഞ്ഞു. ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം നാളെ അവതരിപ്പിക്കും. നാളെ മുതല്‍ 24 വരെ നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം നന്ദി പ്രമേയം പാസാക്കും. 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കില്ല. മാര്‍ച്ച് 11 നാണ് ബജറ്റ് നടക്കുന്നത്.