ആലപ്പുഴ മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം വിവാദത്തില്‍. ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്കരിക്കും. രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും ചടങ്ങില്‍ നിന്ന് പിന്മാറി. നേരിട്ടു ക്ഷണിക്കാതെ മന്ത്രിയുടെ ഓഫിസില്‍ നിന്ന് തന്റെ ഓഫീസിലേക്ക് ഫോണ്‍ വിളിച്ച് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും തന്നെ ക്ഷണിച്ച് അപമാനിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ നിന്നും കെ.സി.വേണുഗോപാലിനെയും മുന്‍ മന്ത്രി ജി സുധാകരനെയും തഴഞ്ഞതിനെത്തുടര്ന്നാണ് കോണ്‍ഗ്രസ് പ്രതിഷേധം.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിപിഎമ്മിലും പ്രതിഷേധ സ്വരം ഉയര്‍ന്നിരുന്നു. തന്നെ ക്ഷണിക്കാത്തതിനെതിരെ എഫ്ബി പോസ്റ്റുമായി മുന്‍ മന്ത്രി ജി സുധാകരന് ഇന്നലെ രംഗത്തെത്തിയിരുന്നു. കെ സി വേണുഗോപാലിനെ ഒഴിവാക്കിയതില്‍ കോണ്‍ഗ്രസ് സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജി സുധാകരന് പ്രതിഷേധം വ്യക്തമാക്കിയത്. നിര്‍മ്മാണത്തിനായി ആദ്യാവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്ന് ജി സുധാകരന് ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഷൈലജ ടീച്ചറെയും ഉള്‍പ്പെടുത്താമായിരുന്നുവെന്നും ജി സുധാകരന് പറഞ്ഞിരുന്നു. പുതിയ ബ്ലോക്കിനായി ആദ്യവസാനം മുന്നില്‍ നിന്നയാളാണ് താന്‍. തന്നെ ഓര്‍ക്കാതിരുന്നതില്‍ പരിഭവമില്ല. വഴിയരികിലെ ഫ്ലക്സുകളിലല്ല ജനഹൃദയങ്ങളിലെ ഫ്ലക്സുകളാണ് പ്രധാനം. ചരിത്ര നിരാസം ചില ഭാരവാഹികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണെന്നും ജി സുധാകരന് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കിയിരുന്നു.
അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച പുതിയ ബ്ലോക്കില്‍ ഒന്‍പത് സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 173.18 കോടി രൂപ (കേന്ദ്രം 120 കോടി, സംസ്ഥാനം 53.18 കോടി) ചെലവഴിച്ചതാണ് ബ്ലോക്ക് നിര്‍മിച്ചത്.


