അമിതമായി ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയരികില്‍ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്ന സമൂഹമാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഐസിയുവില്‍ നിരീക്ഷണത്തിലാണ് സജ്നയിപ്പോള്‍. ഗുരുതരാവസ്ഥയില്‍ അല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബിരിയാണി വില്‍പ്പനക്കിടെ ആക്രമണം ഉണ്ടായി എന്ന ഇവരുടെ പരാതി വലിയ വാര്‍ത്തയായിരുന്നു. സിനിമാ താരങ്ങള്‍ അടക്കം നിരവധി പേര് സജ്നയ്ക്ക് സഹായവുമായി എത്തുകയും ചെയ്തു. എന്നാല്‍ തട്ടിപ്പായിരുന്നു എന്ന് മറ്റൊരു ട്രാന്സ്വുമണ് ആരോപണം ഉന്നയിച്ചു സാമൂഹിക മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഒപ്പമുള്ള ആളിനോട് സജ്ന സംസാരിക്കുന്ന ശബ്ദസന്ദേശവും ഇവര്‍ പുറത്തുവിട്ടിരുന്നു തുടര്‍ന്നാണ് സജ്ന ആത്മഹത്യക്ക് ശ്രമിച്ചത്.
വഴിയരികില്‍ ബിരിയാണി വിറ്റിരുന്ന സജ്നയുടെ കച്ചവടം തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചക്കുന്നതായി സജ്ന തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളും ആരോഗ്യമന്ത്രിയടക്കമുള്ള പ്രമുഖരും സജ്നയ്ക്ക് പിന്തുണയുമായി എത്തി.
വിവിധയിടങ്ങളില്‍ നിന്നും സജ്നക്ക് പിന്തുണ ഏറിയതോടെ സജ്നയുടെ കച്ചവടം നല്ലനിലയില്‍ ഉയരുകയും ചെയ്തു. നേരത്തെ ദിവസവും 200 ബിരിയാണി വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 500-ഓളം ബിരിയാണികളാണ് വില്‍ക്കുന്നതെന്ന് സജ്ന തന്നെ പറഞ്ഞിരുന്നു. തെരുവിലെ ബിരിയാണി വില്‍പ്പനയില്‍ നിന്ന് ഹോട്ടല്‍ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സജ്ന. ഇതിനിടെയാണ് സജ്നയ്ക്കെതിരെ ഓഡിയോ സഹിതമുള്ള ആരോപണവുമായി ട്രാന്സ്വുമണ് രംഗത്തെത്തിയത്.
കോട്ടയം സ്വദേശിയായ സജ്ന ഷാജി 13 വര്‍ഷം മുന്‍പാണ് കൊച്ചിയിലെത്തുന്നത്. നിലനില്പിനായി ട്രെയിനില്‍ ഭിക്ഷയെടുത്ത് ജീവിതം തുടങ്ങി. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരാള്‍ക്ക് മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജോലിയെടുത്ത് ജീവിക്കുന്ന സജ്നയെ കോവിഡ് പ്രതിസന്ധിയും തളര്‍ത്തിയിരുന്നില്ല. കൂടെ ഉള്ളവരുടെ കൂടി പട്ടിണി അകറ്റാനാണ് മൂന്ന് മാസം മുന്‍പ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്.


