ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആര്.ഡി.ഒ മടക്കി. തപാല്‍ വഴി വളപട്ടണം പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ അയച്ച റിപ്പോര്‍ട്ടാണ് അസിസ്റ്റന്റ് കളക്ടര്‍ നിരാകരിച്ചത്. സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ വിഷയങ്ങളും ആത്മഹത്യക്ക് കാരണമായതായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് പൊലീസ് ആര്.ഡി.ഒയ്ക്ക് സമര്‍പ്പിച്ചത്. കണ്വെന്ഷന് സെന്ററിന് അനുമതി നല്‍കാതിരുന്ന സംഭവത്തില്‍ നഗരസഭക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ നഗരസഭ സെക്രട്ടറിക്കും ചെയര്‍ പേഴ്സണും എതിരെ കേസ് എടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് നേരിട്ട് ആര്.ഡി.ഒയ്ക്ക് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് തപാല്‍ വഴി അയച്ചതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് മടക്കിയത്. വളപട്ടണം എസ്.എച്ച്.ഒ നേരിട്ടത്തി റിപ്പോര്‍ട്ട് തിരികെ വാങ്ങിയിട്ടുണ്ട്. ഇത് നിയമപരമായ രീതിയില്‍ തന്നെ വീണ്ടും ആര്.ഡി.ഒയ്ക്ക് സമര്‍പ്പിക്കുമെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.
2019 ജൂണ്‍ 18 നാണ് പ്രവാസി വ്യവസായി സാജന് പാറയില്‍ ആത്മഹത്യ ചെയ്തത്. 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന് ഓഡിറ്റോറിയം നിര്‍മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു.


