കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നുവെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ശക്തമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് നാനാത്വം ഇല്ലാതാക്കി ഏകശിലാ രൂപത്തിലാക്കാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നല്കുന്നവര് അജണ്ട കൂടുതല്‍ ശക്തമായി നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
‘സഹകരണ മേഖലയെ ഏകപക്ഷീയമായി കയ്യടക്കാന്‍ ശ്രമിക്കുന്നു. കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ നാടിന് സഹായമുണ്ടാകരുതെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍ കുറവ് വരുത്തി. വായ്പ എടുക്കാനുള്ള അവകാശം വെട്ടിക്കുറക്കുന്നു. സാമ്പത്തികമായി ഞെരുക്കി സംസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ പരിമിതമായ അവകാശങ്ങള്‍ ഇല്ലാതാക്കി സാമ്പത്തിക സമ്മര്‍ദ്ദം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
രാജ്യത്തിന്റെ ഐക്യത്തിന് മങ്ങലേല്‍ക്കും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ടായി. ഇത് രാജ്യത്തിന് ശാപമായി നിലനില്‍ക്കുകയാണ്. പോക്കറ്റില്‍ നിന്ന് ഒരു കടലാസെടുത്ത് കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞത് നാം കണ്ടതാണ്. ഭരണഘടന നല്കിയ അവകാശം പോലും ഇല്ലാതാക്കിയവര്‍ക്ക് എന്തുമാകാമെന്നതാണ്’ മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ വികസന കാര്യങ്ങളില്‍ ചെയ്യാവുന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ആറ് വര്‍ഷത്തിനിടെ 2 ലക്ഷത്തോളം നിയമന ശുപാര്‍ശകള്‍ അംഗീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 29,000 -ത്തോളം നിയമനങ്ങളും 30,000 പുതിയ തസ്തികകളും സൃഷ്ടിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാനത്ത് അഴിമതി തീണ്ടാത്ത സര്‍വീസ് മേഖലയാണ് പിഎസ് സിയെന്നും അദ്ദേഹം അവകാശപ്പെട്ടു. അതുകൊണ്ടാണ് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ് സിയില്‍ വിശ്വാസം. ആ വിശ്വാസം കൂടുതല്‍ ശക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.