അട്ടപ്പാടി മധു വധക്കേസില്‍ എട്ട് പ്രതികളുടെ ജാമ്യവും റദ്ദാക്കി. എസ്സി എസ്ടി കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. മധു കേസിലെ പ്രതികള്‍കളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയിലാണ് കോടതി വിധി. പ്രതികള്‍ ഹൈക്കോടതി ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകള്‍ പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കേസില്‍ ഇനി വിസ്തരിക്കാനിക്കുന്ന സാക്ഷികളെ പോലും പ്രതികള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന് പറഞ്ഞിരുന്നു.
അതേസമയം മധു വധക്കേസില്‍ എട്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കിയതില്‍ സന്തോഷമുണ്ടെന്ന് മധുവിന്റെ അമ്മ. തന്നെ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നതായും കേസുമായി മുന്നോട്ട് തന്നെ പോകുമെന്നും മധുവിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘എന്നെ സഹായിച്ച എല്ലാവരോടും വക്കീലന്മാരോടും നന്ദിയുണ്ട്. എനിക്ക് ദൈവമുണ്ട്. കേസുമായി മുന്നോട്ടു തന്നെ പോകും. ഇപ്പോള്‍ സന്തോഷമുണ്ട്. സാക്ഷികള്‍ ഇനി കൂറുമാറില്ലെന്നാണ് കരുതുന്നത്. അന്നൊക്കെ സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തീ കത്തുകയായിരുന്നു മനസില്‍, വെള്ളം പോലും കുടിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഇപ്പോഴാണ് ആശ്വാസമായത്’. മധുവിന്റെ അമ്മ പ്രതികരിച്ചു.