സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 375ല്‍ പരം ജൂനിയര്‍ നേഴ്സ്മാര് 21 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്. കേരളത്തിലെ ഗവണ്മെന്റ് നഴ്സിംഗ് കോളേജുകളില്‍ നിന്നും ബിഎസ്സി നഴ്സിംഗ് കോഴ്സ് പൂര്‍ത്തീകരിച്ച്, കേരള നേഴ്സസ് ആന്‍ഡ് മിഡൈ്വവ്സ് കൗണ്‍സില്‍ രജിസ്ട്രേഷനോടുകൂടി രജിസ്ട്രേഡ് നേഴ്സായി കേരളത്തിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളജുകളില്‍ ഒരു വര്‍ഷത്തെ ഡ്യൂട്ടിക്ക് പ്രവേശിച്ച നഴ്സിംഗ് സ്റ്റാഫിന്റെ സ്റ്റൈപ്പന്‍ഡ് വര്‍ദ്ധനവ് സംബന്ധിച്ച് അപേക്ഷ ആരോഗ്യ മന്ത്രിക്ക് സമര്‍പ്പിച്ചിട്ടും നാളിതുവരെ അനുഭാവ പൂര്‍ണമായ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം.
അനുഭാവ പൂര്‍ണമായ നടപടി ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാരിപ്പള്ളി, തൃശൂര്‍, കോഴിക്കോട് എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 375ല്‍ പരം നഴ്സിംഗ് ഇന്റേണ്‍ഷിപ്പ് സ്റ്റാഫുകളാണ് 21 മുതല്‍ അനിശ്ചിത കാലത്തേക്ക് ഡ്യൂട്ടിയില്‍ നിന്നും വിട്ടു നിന്ന് കൊണ്ട് പ്രതിഷേധ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സേവനമനുഷ്ഠിക്കുന്ന 375ല്‍പരം രജിസ്ട്രേഡ് നഴ്സുമാര്‍ക്ക് 2016 വര്‍ഷത്തിലാണ് 6000 രൂപയില്‍ നിന്നും അന്നത്തെ സ്റ്റാഫ് നേഴ്സിന്റെ അടിസ്ഥാനശമ്പളമായ 13900 രൂപയാക്കി ഉയര്‍ത്തിയത്. എന്നാല്‍ അതേ വര്‍ഷം തന്നെ പുതിയ ശമ്പള പരിഷ്കരണം നടക്കുകയും സ്റ്റാഫ് നഴ്സിന്റെ അടിസ്ഥാനശമ്പളം 27800-59400 എന്ന പേ സ്കെയിലിലേക്ക് പരിഷ്കരിക്കുകയും ചെയ്തു. പുതിയ ശമ്പള പരിഷ്കരണം നിലവില്‍ വന്ന് നാലു വര്‍ഷത്തിലധികം ആയിട്ടുപോലും 2016 വര്‍ഷം ഉയര്‍ത്തിയ സ്റ്റൈപ്പന്‍ഡില്‍ യാതൊരുവിധ വര്‍ധനവും ഉണ്ടായിട്ടില്ല. പഴയ കമ്മീഷന് ഉത്തരവ് പ്രകാരമുള്ള 13900 രൂപ മാത്രമാണ് ഇപ്പോഴും പ്രസ്തുത സ്റ്റാഫുകള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ വിഷയം പല തവണകളിലായി അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവഗണന തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
അപേക്ഷയിന്മേല് തീരുമാനം ആകാത്തതിനാലും കോവിഡ് ചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റെല്ലാവര്‍ക്കും ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടും ജൂനിയര്‍ നേഴ്സ്മാരെ അവഗണിച്ചതിനാലും 24/07 ന് തുടര്‍ന്ന് വീണ്ടും അപേക്ഷ നല്‍കുകയും പ്രതിഷേധ സൂചകമായി 08/08/ ന് കേരളത്തിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലെ സി എന്‍ എസ് സ്റ്റാഫുകള്‍ കരിദിനമായും, 09/08/ ന് ഡ്യൂട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. 10/08/ ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍, ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ സാന്നിധ്യത്തില്‍ ജോയിന്റ് ഡയറക്ടര്‍ ഓഫ് നഴ്സിങ് എഡ്യൂക്കേഷനുമായി സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്സുമാരുടെ നിലവിലെ അടിസ്ഥാന ശമ്പളം 27800 ആണെന്നിരിക്കെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്സുമാരുടെ അതേ ജോലി ചെയ്യുന്ന ജൂനിയര്‍ നേഴ്സ്മാര്‍ക്ക് കേവലം 13900 രൂപ മാത്രമാണ് ലഭിച്ചു വരുന്നത്.


