മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കും കെ.എസ്.ഇ.ബി ചെയര്മാന് ബി.അശോകിനും സി.പി.ഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. അഴിമതി ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് കെ.എസ്.ഇ.ബിയില്‍ നടക്കുന്നതെന്ന് ചര്‍ച്ചയില്‍ ആരോപണമുയര്‍ന്നു. പ്രശ്നം സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഇപ്പോള്‍ പാര്‍ട്ടി ഇടപെടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന സമിതിയെ അറിയിച്ചു.
അഴിമതി ലക്ഷ്യം വെച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ കെഎസ്ഇബിയില്‍ നടക്കുന്നത്. അഴിമതി ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണ് ഓഫീസേഴ്സ് അസോസിയേഷന് അടക്കമുള്ളവര്‍ക്കെതിരേ വൈരാഗ്യ ബുദ്ധിയോടെയുള്ള നടപടികള്‍ എടുക്കുന്നത്. ഇത്തരം നടപടികള്‍ക്കെല്ലാം മന്ത്രി കെ കൃഷ്ണന് കുട്ടിയുടെ പിന്തുണയുണ്ടെന്നും ആരോപണമുയര്‍ന്നു.
സിഐടിയു നേതാക്കള്‍ പരസ്യമായി നടത്തിയ കുറ്റപ്പെടുത്തലുകളുടെ ചുവടുപിടിച്ചായിരുന്നു വൈദ്യുതി മന്ത്രിക്കും കെ.എസ്.ഇ.ബി ചെയര്‍മാനുമെതിരായ സിപിഐഎം സംസ്ഥാന സമിതിയിലെ വിമര്‍ശനങ്ങള്‍. പ്രശ്നം പരിഹരിക്കാന്‍ മന്ത്രിക്കു കഴിയുന്നില്ല. ചെയര്‍മാനെ മന്ത്രി കയറൂരി വിട്ടിരിക്കുകയാണ്. ചെയര്‍മാന്റെ ട്രേഡ് യൂണിയന് വിരുദ്ധ നിലപാടിനെ മന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്നും വിമര്‍ശനങ്ങളുയര്‍ന്നു.
കെ.എസ്.ഇ.ബിയില്‍ അഴിമതി ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ നടക്കുന്നു. ഇതിന് ചെയര്മാന് ചുക്കാന്‍ പിടിക്കുകയാണ്. പ്രശ്നം കൂടുതല്‍ വഷളാകും മുന്‍പ് പരിഹരിക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.
അതേസമയം തര്‍ക്കം പരിഹരിക്കാന്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. സമരത്തെക്കുറിച്ച് പുറത്ത് പ്രതികരണങ്ങള്‍ വേണ്ട, പാര്‍ട്ടി ഇടപെടേണ്ട സമയമായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമരത്തില്‍ ഇടപെടാന്‍ കെ കൃഷ്ണന്‍കുട്ടിയോട് നിര്‍ദേശിക്കുകയും ചെയ്തു. മന്ത്രിയെ വിളിച്ചു വരുത്തിയാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
ഇപ്പോള്‍ പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സമിതിയില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സമയവായ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായത്.
അതേസമയം, കെഎസ്ഇബിയിലെ സര്‍വീസ് സംഘടനകളുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയിട്ട് തീരുമാനം അറിയിക്കാമെന്നും തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ മൂന്ന് നേതാക്കളെ സസ്പെന്‍ഡ് ചെയ്ത ചെയര്‍മാന്റെ നടപടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഏറെ നാളായി മാനേജ്മെന്റും ഇടതു സംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടലും സ്ഥിതി രൂക്ഷമാക്കുകയായിരുന്നു.


