മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായുള്ള പി ശശിയുടെ നിയമനം റദ്ദാക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്. പി ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളിയെന്ന് ജെബി മേത്തര്‍ എം പി പറഞ്ഞു. ശശി ഇപ്പോള്‍ വിശുദ്ധനായോ എന്ന് പിണറായി വിജയന് വ്യക്തമാക്കണമെന്നാണ് ജെബി മേത്തല്‍ പറഞ്ഞത്. ശിവശങ്കറിന് പിന്നാലെ കളങ്കിതരെ കുടിയിരുത്തുന്ന കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറിയെന്നും ജെബി മേത്തര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊല്റ്റിക്കല് സെക്രട്ടറിയായി പി ശശിയുടെ ചുമതല സംസ്ഥാന സമിതി അംഗീകരിക്കുന്നത് ഇന്നലെയാണ്. ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു പി ശശി. 11 വര്‍ഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് 2011ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഈ കേസില്‍ 2016ല്‍ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി. 2018 ജൂലൈയിലാണ് പി ശശി പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. 2019ല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും ഈ സമ്മേളന കാലത്ത് സംസ്ഥാന കമ്മിറ്റിയിലും തിരിച്ചെത്തി.