തൃശ്ശൂര്‍ പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാനിലെ രണ്ടാം തുരങ്കം ഇന്ന് തുറക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രണ്ടാമത്തെ തുരങ്കം തുറക്കുന്ന കാര്യം സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല. ട്രാഫിക് ഡൈവേര്ഷന് വേണ്ടിയാണ് ഇത് ഭാഗികമായി തുറന്നത്.
ഏപ്രില്‍ അവസാനത്തോടെ പണികള്‍ പൂര്‍ത്തീകരിക്കും. പൂര്‍ണമായി തുറക്കാതെ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാത അതോറിറ്റി തൃശ്ശൂര്‍ ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതോടെ കുതിരാന്‍ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറും ദേശീയ പാതാ അതോറിറ്റിയും രണ്ട് തട്ടിലായിരിക്കുകയാണ്.
രണ്ടാം തുരങ്കത്തിലേക്കുള്ള റോഡിന്റെയും മണ്ണൂത്തി മുതല്‍ തുരംഗ മുഖം വരെയുള്ള ഭാഗത്തു മേല്‍പ്പാലങ്ങളുടെയും അടി പാതകളുടെയും നിര്‍മ്മിക്കാനുണ്ട്. താല്‍ക്കാലിക റോഡ് നിര്‍മ്മിച്ചാണ് ഇപ്പോള്‍ ഗതാഗതത്തിന് തുറന്നു കൊടുക്കാമെന്ന് ദേശീയ പാത അതോറിറ്റി പറയുന്നത്. എന്നാല്‍ ദേശീയപാത അതോറിറ്റിയുമായി വിവാദത്തിനില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജനും റിയാസിനോടൊപ്പമുണ്ടായിരുന്നു.
972 മീറ്റര്‍ ദൂരത്തിലാണ് രണ്ടാം തുരങ്കം നിര്‍മിച്ചിരിക്കുന്നത്. രണ്ടു തുരങ്കങ്ങളുമായി ബന്ധപ്പെടുന്ന രണ്ട് ക്രോസ് റോഡുകളുണ്ട്. തുരങ്കം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായാല്‍ പാലക്കാട് തൃശ്ശൂര്‍ ദേശീയപാതിയിലെ യാത്രക്ലേശത്തിന് വലിയൊരു പരിഹാരമാകുമെന്നാണ് കരുതുന്നത്.


