വയനാട് കുറക്കന് മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ഉടന്‍ പിടിയിലാകുമെന്ന് സൂചന. 20 ദിവസമായി പ്രദേശത്ത് ഭീതി പരത്തുന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ലൊക്കേറ്റ് ചെയ്തതായാണ് വിവരം. ബേഗൂര്‍ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താകും വനപാലക സംഘത്തിന്റെ നീക്കങ്ങള്‍.കടുവ നിരീക്ഷണ വലയത്തില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ കൂടുതല്‍ വനപാലക സംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്.
രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടികൂടാന്‍ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്. ഇന്നലെ രാവിലെ ജനവാസ കേന്ദ്രത്തില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തന്നെ പഴുതടച്ചുള്ള തെരച്ചിലിനാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കിയത്. കാല്‍പ്പാടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം വനത്തിനകത്തേക്കും നീണ്ടു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ വൈകുന്നേരത്തോടെ തിരിച്ചിറങ്ങിയ വനപാലകരുടെ മുഖത്ത് പതിവില്‍ കവിഞ്ഞ ആത്മവിശ്വാസവും ആശ്വാസവും പ്രകടമായിരുന്നു.
കടുവയുടെ സാന്നിധ്യം സ്ഥിരികരിച്ച ബേഗൂര്‍ ഫോറസ്റ്റ് റെയ്ഞ്ചിലാണ് വനപാലകരുടെ നേതൃത്വത്തില്‍ കടുവക്കായുള്ള തെരച്ചില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്.
അതേസമയം വനംവകുപ്പിന്റെ തിരച്ചില്‍ ഫലപ്രദമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു. നഗരസഭ കൗണ്‍സിലറും വനപാലകരും തമ്മിലായിരുന്നു കയ്യാങ്കളി. തര്‍ക്കത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് അരയില്‍ നിന്ന് കത്തി പുറത്തെടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. സ്ഥലത്തെത്തിയ മാനന്തവാടി എംഎല്‍എ ഒ.ആര്. കേളു വനംവകുപ്പിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.