സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി എല്ലാ സംവിധാനങ്ങളും തയ്യാറെന്ന് റവന്യുമന്ത്രി കെ രാജന്. ആറ് ജില്ലകളില്‍ സന്ദര്‍ശനം നടത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുണ്ട്. പല ആളുകളും മാറിത്താമസിക്കാന്‍ തയാറാകുന്നില്ല. പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ ഈ മനോഭാവം മാറണമെന്നും റവന്യുമന്ത്രി പറഞ്ഞു.
സാമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പരക്കുന്നുവെന്ന് മന്ത്രി. കൃത്യമായ വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ സൈറ്റുകളെയും മാധ്യമങ്ങളെയും ആശ്രയിക്കുക. ഒരോ സമയവും ജലത്തിന്റെ ഒഴുക്കിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ട. പക്ഷേ അമിത ആത്മവിശ്വാസവും അരുതെന്നും മന്ത്രി പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാല്‍ റവന്യുമന്ത്രിയെ തന്നെ നേരിട്ടറിയിക്കാന്‍ നാല് നമ്പരുകളും നല്കി കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. മഴ ഇന്ന് അധികമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാല്‍ 20 മുതല്‍ 24 വരെ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അക്കാര്യത്തിലും മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളിലെല്ലാം ആളുകളെ മാറ്റിത്താമസിപ്പിക്കും. അതീവ ജാഗ്രത ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എവിടെയൊക്കെ ക്യാംപുകള്‍ തുറക്കേണ്ടി വരുമോ അതിനെല്ലാം സംവിധാനങ്ങളൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ ഇടമലയാര്‍ ഡാമില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് ചെയര്മാന് പി എന്‍ ബിജു പ്രതികരിച്ചു. പെരിയാറില്‍ പരമാവധി 40 സെ മീ ജലനിരപ്പ് ഉയരും. ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഇന്ന് തുറന്നത്.
ഇടുക്കി ഡാം തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. നിയന്ത്രിതമായ അളവില്‍ മാത്രമാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇത്തവണ ഇല്ല. പെരിയാറിന്റെ തീരപ്രദേശത്തുള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റോഷി അഗസ്റ്റിന് വ്യക്തമാക്കിയിരുന്നു.