പാലായില്‍ കെ.എസ്.ആര്.ടി.സി. ബസ് വെള്ളത്തില്‍ അപകടകരമായ രീതിയില്‍ ഓടിച്ച സംഭവത്തില്‍ ഡ്രൈവര്‍ ജയദീപ് എസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. മോട്ടോര്‍ വാഹന വകുപ്പ് ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഈരാറ്റുപേട്ടയില്‍ വെള്ളക്കെട്ടിലൂടെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ ബസ് ഓടിച്ചതിന്റെ പേരില്‍ ജയദീപന് സസ്പെന്ഷന് കിട്ടിയിരുന്നു.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരം കെഎസ്ആര്‍ടിസി എംഡിയാണ് ജയദീപനെ സസ്പെന്റ് ചെയ്തിരുന്നത്. ഒരാള്‍ പൊക്കത്തിലുള്ള വെള്ളക്കെട്ടില്‍ മുക്കാല്‍ ഭാഗവും മുങ്ങിയ ബസ്സില്‍ നിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസ് വലിച്ച് കരക്ക് കയറ്റി.
സസ്പെന്‍ഷനിലായ ശേഷം ഇയാള്‍ കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബസ് മുങ്ങിയ പത്ര വാര്‍ത്തയോടപ്പമാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. സസ്പെന്ഷന് ലഭിച്ചത് തബലകൊട്ടി ആഘോഷിച്ചതും ജയദീപ് പങ്കുവച്ചിരുന്നു.
ആളുകളെ ജീവന് രക്ഷിക്കാനാണ് താന്‍ ശ്രമിച്ചത്. തന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലെന്നും സംഭവ സമയത്തെ വീഡിയോ പങ്കുവെച്ച് ജയദീപ് കുറിച്ചിരുന്നു.


