തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രജിസ്ട്രാര്‍ തസ്തികയില്‍ തുടരുന്ന ഡോ: അനില്‍കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്കി. നിലവില്‍ രജിസ്ട്രാറായി നിയമിച്ചിരിക്കുന്ന ഡോ. അനില്‍കുമാര്‍ ഒരു സ്വകാര്യ കോളേജ് അധ്യാപകനാണെന്നും പരാതിയില്‍ പറയുന്നു. നിവേദനത്തേത്തുടര്ന്ന് കേരള വിസി യോട് ഗവര്‍ണര്‍ അടിയന്തിര വിശദീകരണം തേടി.
നിവേദനത്തില്‍ പറയുന്നതിങ്ങനെ:
കേരള സര്‍വകലാശാല സ്റ്റാറ്റിയൂട്ട് വകുപ്പ് 12(4) പ്രകാരം സംസ്ഥാന സര്‍വീസിലോ കേന്ദ്ര സര്വീസിലോയുള്ള ഉദ്യോഗസ്ഥന്മാരെ മാത്രമാണ് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ രജിസ്ട്രാറായി നിയമിക്കുവാന്‍ അനുവാദമുള്ളത്. നിയമന ഉത്തരവില്‍ നിയമനം ഡെപ്യൂട്ടേഷന് അടിസ്ഥാനത്തിലാണെന്നത് ബോധപൂര്‍വം മറച്ചുവച്ചാണ് കേരള സര്‍വകലാശാല ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷന് അനുവദിച്ചിട്ടുള്ളതായി സര്‍ക്കാര്‍ ഉത്തരവില്‍ നിന്നും വ്യക്തമാണ്. സര്‍വകലാശാല നല്കിയ വിവരാവകാശ രേഖയിലും നിയമനം ഡെപ്യൂട്ടേഷന് അടിസ്ഥാനത്തിലാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിക്കുമ്പോഴാണ് അദ്ദേഹത്തിന് രജിസ്ട്രാറായി നിയമനം നല്‍കിയത്. രജിസ്ട്രാറായുള്ള നിയമനത്തില്‍ തുടരുമ്പോഴും പ്രിന്‍സിപ്പാലിന്റെ ശമ്പളത്തോടൊപ്പമുള്ള 6750 രൂപ അലവന്‍സ് നിയമവിരുദ്ധമായി ശമ്പളത്തോടൊപ്പം കൈപ്പറ്റുന്നതായും പരാതിപ്പെട്ടിട്ടുണ്ട്.
സമാനമായ രീതിയില്‍ സ്വകാര്യ കോളേജായ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ രജിസ്ട്രാറായി നിയമിച്ച അധ്യാപകന് ഹൈക്കോടതി ഉത്തരവിലൂടെ പിരിഞ്ഞു പോകേണ്ടതായി വന്നിരുന്നുവെന്നും പരാതിക്കാര്‍ പറയുന്നു.


