ജന്തര്‍ മന്ദറിലെ അഗ്നിപഥ് സത്യാഗ്രഹ വേദിയില്‍ പ്രിയങ്ക ഗാന്ധിയെത്തി. അഗ്നിപഥ് പദ്ധതിക്കെതിരെ യോജിച്ച പ്രക്ഷോഭമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതിനിടെ ഡല്‍ഹിയില്‍ എസ്എഫ്ഐ- ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ജന്തര്‍ മന്ദറില്‍ നിന്നും പാര്‍ലമെന്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. എഎ റഹീം എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എഎ റഹീം എംപിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാല്‍ അഗ്നിപഥ് പദ്ധതിക്കെതിരെ ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വ്യാജ വാഗ്ദാനങ്ങള്‍ നല്കി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കിയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.രാജ്യത്തെ ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദി പ്രധാനമന്ത്രിയെന്നും രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു.
അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനില്‍ക്കേ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്.ഹരികുമാര്‍, വ്യാമസേനാ മേധാവി ചീഫ് മാര്‍ഷല്‍ ബി.ആര്. ചൗധരി എന്നിവരുടെ യോഗമാണ് രാജ്നാഥ് സിംഗ് വിളിച്ചത്.
പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്നാഥ് സിംഗിന്റെ വസതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവിമാരുടെ യോഗം വിളിച്ചത്.


