അഗ്നിപഥ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. ബിജെപി ഓഫീസുകളില്‍ സെക്യൂരിറ്റി ജോലിക്ക് അഗ്നിവീറിന് മുന്‍ഗണന നല്‍കുമെന്ന് കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. രാജ്യവ്യാപകമായി ‘അഗ്നിപഥ്’ വിരുദ്ധ പ്രതിഷേധം കൊടുമ്പിരികൊള്ളുമ്പോഴാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കൈലാഷ് വിജയവാര്‍ഗിയ ഇക്കാര്യം വെളിപ്പെടുത്തിയത്. മികച്ച അച്ചടക്കവും അനുസരണയും ഉള്ളവരായിരിക്കും അഗ്നിവീറുകളെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയിലും ചൈനയിലും ഫ്രാന്‍സിലുമെല്ലാം കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. നമ്മുടെ സൈന്യത്തില്‍ റിട്ടയര്‍മെന്റ് പ്രായം കൂടുതലാണ്. അത് കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും കൈലാഷ് വെളിപ്പെടുത്തി.
നെഞ്ചില്‍ അഗ്നിവീര്‍ എന്ന ബാഡ്ജോടെയായിരിക്കും അവര്‍ സൈന്യത്തില്‍നിന്ന് വിരമിക്കുക. പിന്നീട് ബി.ജെ.പി ഓഫീസില്‍ സുരക്ഷാജീവനക്കാരുടെ ആവശ്യമുണ്ടെങ്കില്‍ അഗ്നിവീറുമാര്‍ക്ക് മാത്രമായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈലാഷിന്റെ പ്രസ്താവനയ്ക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാജ്യത്തെ യുവാക്കളെയും സൈനികരെയും ഇങ്ങനെ അപമാനിക്കരുതെന്ന് കെജ്രിവാള് വിഡിയോ പങ്കുവച്ച് ട്വിറ്ററില്‍ ആവശ്യപ്പെട്ടു.


