കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് വിശദമായ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ഇനി മുതല്‍ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ സ്വകാര്യ ചടങ്ങുകള്‍ രജിസ്റ്റര്‍ ചെയ്യണം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പൊലീസിനും റവന്യൂ വിഭാഗത്തിനും സെക്ടറല്‍ മജിസ്ട്രേറ്റിനും വിവരം ലഭിക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂടുതല്‍ പേര് പങ്കെടുത്താല്‍ നടപടിയെടുക്കാന്‍ കഴിയും.

അതേസമയം, ഔട്ട് ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 150 പേര്‍ക്കും ഇന്‍ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 75 പേര്‍ക്കും പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പരിപാടികളില്‍ മാസ്ക്, സാമൂഹ്യ അകലം, സാനിറ്റൈസര്‍ തുടങ്ങിയ കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം.
പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഭക്ഷണ വിതരണം അനുവദിക്കില്ല. എന്നാല്‍, പാക്കറ്റ് ഫുഡ് അനുവദിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ചീഫ് സെക്രട്ടറി വിപി ജോയി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


