രാജ്യസഭാ സ്ഥാനാര്‍ഥിത്വം വലിയ അംഗീകാരമെന്ന് ജെബി മേത്തര്‍. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം പൂര്‍ണമായി നിര്‍വഹിക്കും. ഭരണഘടനാ സംരക്ഷണത്തിന് ഒരു പോരാളിയാകാനുള്ള നിയോഗമായി ഇതിനെ കാണുന്നു. പാര്‍ലമെന്റില്‍ സ്ത്രീകളുടെ ശബ്ദമാകുമെന്നും ജെബി പറഞ്ഞു. സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ദേശീയ- സംസ്ഥാന തലത്തിലുള്ള നേതാക്കള്‍ക്ക് അവര്‍ നന്ദിയറിയിക്കുകയും ചെയ്തു.
സ്ത്രീകള്‍ക്ക് അവസരം നല്‍കാത്ത പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സ്ത്രീകളെ കൂടുതല്‍ പരിഗണിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണം പോലും രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ പെണ്‍കുട്ടികള്‍ക്ക് സംവരണം നല്‍കണമെന്ന ചട്ടം കൊണ്ടുവന്ന പ്രസ്ഥാനമാണ്.
ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ പറയാന്‍ സാധിക്കുന്ന ഇന്ത്യയുടെ ഒരു വനിതാ പ്രധാനമന്ത്രി പോലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാണ്. കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് പരിഗണനകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും ജെബി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ചര്‍ച്ചകള്‍ക്ക് ശേഷം എം.ലിജു, ജെബി മേത്തര്‍, ജെയ്സണ്‍ ജോസഫ് എന്നിവരുടെ പേര് ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറെ യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് മുസ്ലിം സമുദായത്തില്‍ നിന്ന് എം.പിമാരില്ലാത്തതും വനിതാ പ്രാതിനിധ്യം, യുവസ്ഥാനാര്‍ഥി തുടങ്ങിയ പരിഗണനകളും ജെബി മേത്തറിന് തുണയായി.
എം.ലിജു, സതീശന് പാച്ചേനി തുടങ്ങിയവരെ പരിഗണിച്ചിരുന്നെങ്കിലും മുന്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായം ഉയര്‍ന്നതോടെയാണ് അവരെ ഒഴിവാക്കിയതെന്നാണ് വിവരം.