ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്തിന്റെ വിവാദമായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ട്വീറ്റുമായി പ്രിയങ്കാ ഗാന്ധി. ‘ദൈവമേ അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു’ എന്ന അടികുറിപ്പോടെ നരേന്ദ്രമോദി, നിതിന്‍ ഗഡ്കരി, മോഹന്‍ ഭാഗവത് എന്നിവരുടെ പഴയകാല ചിത്രങ്ങളാണ് പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചത്. കീറലുകളുള്ള ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ സാമൂഹിക മൂല്യങ്ങളെ വില കുറച്ചു കാണുന്നുവെന്ന റാവത്തിന്റെ പരാമര്‍ശം പ്രതിഷേധം സൃഷ്ടിച്ചിരുന്നു.
വീട്ടിലുള്ള കുട്ടികള്‍ക്ക് ശരിയായ അന്തരീക്ഷം ഒരുക്കി കൊടുക്കാന്‍ കീറലുള്ള ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്ക് സാധിക്കുമെന്ന് താന്‍ കരുതുന്നില്ല എന്ന് റാവത് പറഞ്ഞിരുന്നു. ഒരു സാമൂഹ്യ പ്രവര്‍ത്തകയെ കീറലുള്ള ജീന്‍സില്‍ കണ്ടു താന്‍ സ്തബ്ധനായി പോയെന്നും ഇത്തരക്കാര്‍ സമൂഹത്തിന് നല്കുന്ന സന്ദേശം എന്തായിരിക്കുമെന്നോര്‍ത്തു ആകുലപ്പെട്ടുവെന്നും റാവത് പരാമര്‍ശിച്ചിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ഡെറാഡൂണില്‍ നടന്ന വര്‍ക് ഷോപ്പില്‍ പങ്കെടുക്കവെ ആയിരുന്നു റാവത്ത് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ആയിരക്കണക്കിനാളുകള്‍ ആണ് റാവത്തിന്റെ ഈ പ്രസ്താവനയെ സ്ത്രീവിരുദ്ധമെന്ന് ആക്ഷേപിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും ഇത് കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ഇത്തരം മനസ്ഥിതി മൂലമാണെന്ന് നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ജയ ബച്ചന് പ്രതികരിച്ചു.


