താന്‍ പദവി ആഗ്രഹിച്ചിരുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രൊഫ കെവി തോമസ്. ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെയുള്ള നിയമനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചിയില്‍ വന്നപ്പോള്‍ തന്നെ നേരിട്ട് വിളിപ്പിച്ച് അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
‘താന്‍ പദവി ആഗ്രഹിക്കുന്നയാളല്ല. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നയാളാണ്. ജീവിതകാലം മുഴുവന്‍ രാഷ്ട്രീയത്തിന് അതീതമായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ട്രസ്റ്റിന്റെ കാര്യങ്ങളും എഴുത്തിലുമായിരുന്നു ഇപ്പോഴത്തെ ശ്രദ്ധ. ജനങ്ങളോടൊപ്പം ജോലി ചെയ്യാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി അവസരം തന്നു. കേരളത്തിന്റെ വികസനത്തിന് ഇടതുമുന്നണിയുടെ നയപരിപാടി അനുസരിച്ച് ദില്ലിയിലെ 50 വര്‍ഷത്തെ പരിചയവും സൗഹൃദവും പ്രയോജനപ്പെടുത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.’
കേരളത്തിന്റെ വികസനത്തിനാണ് മുന്‍തൂക്കം. അനുഭവവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുന്ന വിധത്തില്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടെ കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കെ വി തോമസ് പറഞ്ഞു. അത് ആത്മാര്‍ത്ഥതയോടുകൂടി നിര്‍വഹിക്കും.
‘മുരളീധരനോട് മറുപടി പറയാനില്ല. കോണ്‍ഗ്രസില്‍ നിന്നും അപമാനിച്ചാണ് പുറത്താക്കിയത്. ഞാന്‍ അറിയാതെയാണ് എന്നെ മാറ്റിയത്. വികസന കാര്യങ്ങളില്‍ എല്ലാവരും മുന്നോട്ട് പോകണം. കേരളത്തിന് കിട്ടേണ്ട സഹായം കേന്ദ്രത്തില്‍ നിന്നും എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടെ കാര്യങ്ങള്‍ നടപ്പിലാക്കും. ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു, ആ ഘട്ടത്തില്‍ ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് മന്ത്രിസഭാ തീരുമാനം വന്നത്. പ്രധാനമന്ത്രിയുമായും നല്ല ബന്ധമാണെന്നും’- അദ്ദേഹം കൂട്ടിച്ചെര്‍ത്തു.


