ജനതാദള്‍ എസ് പിളര്‍പ്പിലേക്ക്. സി.കെ നാണു പക്ഷം നാളെ പ്രത്യേക സംസ്ഥാന കൗണ്‍സില്‍ വിളിച്ചു. പുതിയ സംസ്ഥാന കമ്മറ്റിയെ നാളെ പ്രഖ്യാപിക്കും. മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങള്‍. എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ രൂക്ഷമായി വിമര്‍ശിച്ച ജോര്‍ജ് എം തോമസ് യഥാര്‍ഥ ജനതാദള്‍ എസ് ഏതാണെന്ന് നാളെ വ്യക്തമാകുമെന്നും അവകാശപ്പെട്ടു.
സി കെ നാണു അധ്യക്ഷനായ സംസ്ഥാനഘടകത്തെ ദേശീയ നേതൃത്വം പിരിച്ചുവിട്ടതാണ് ജനതാദള്‍ എസിന്റെ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. ജോര്‍ജ് തോമസിന്റെ നേതൃത്വത്തില്‍ നാളെ വിളിച്ചിരിക്കുന്ന സംസ്ഥാന കൗണ്‍സില്‍ പുതിയ ഭാരവാഹികളേയും കമ്മിറ്റിയേയും പ്രഖ്യാപിക്കും.
സി കെ നാണുവിന്റെ നേതൃത്വത്തിലാണ് നീക്കങ്ങളെങ്കിലും നാളെ നടക്കുന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കില്ല. പ്രശ്നം പരിഹരിക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിശദീകരണം. മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ജോര്‍ജ് തോമസ് ആരോപിച്ചു. മാത്യു ടി. തോമസ് വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട സീറ്റ് വാങ്ങിയെടുക്കുന്നതില്‍ പരാജയപ്പെട്ടതായും വിമര്‍ശനമുണ്ട്.